- പ്രസവിച്ച് കിടക്കവേ കുടുംബത്തോടൊപ്പം വന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ നാളെ വിധിക്കും
തൃശൂർ: തളിക്കുളം ഹഷിത വധക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് മജിസ്‌ട്രേറ്റ് എൻ വിനോദ് കുമാർ വ്യക്തമാക്കി.
2022 ആഗസ്ത് 20ന് വൈകീട്ട് ആറോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 19 ദിവസം മാത്രമായ സമയത്ത് ബന്ധുക്കളുമായി ഹഷിതയുടെ വീട്ടിലെത്തിയ മുഹമ്മദ് ആസിഫ് മുറിയിൽ കടന്ന് ബാഗിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു.
നിലവിളി കേട്ട് ഓടിച്ചെന്ന ഹഷിതയുടെ പിതാവ് നൂറുദ്ദീനെയും വെട്ടിപ്പരിക്കേൽപ്പിച്ച് ആസിഫ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അമ്പത് ദിവസത്തിനുശേഷമാണ് പ്രതിയെ പോലീസിന് പിടികൂടാനായത്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.