കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി നേതാക്കൾക്ക് ആശ്വാസം. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളെയും കുറ്റ വിമുക്തരാക്കി വിടുതൽ ഹർജി കോടതി അംഗീകരിച്ചു.
കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കോഴക്കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ച് ആറു പ്രതികളെയും വെറുതെ വിട്ടത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിൽ ഹാജരായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.
ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയും ബി.ജെ.പി കാസർകോട് ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നാം പ്രതിയുമായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് നാലും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി അഞ്ചും ലോകേഷ് നോണ്ട ആറും പ്രതികളായ കേസാണ് കോടതി തള്ളിയത്.
നിയമവിരുദ്ധമായ കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായി അംഗീകരിച്ചാണ് വിധിയെന്ന് പ്രതികളുടെ അഭിഭാഷകൻ പ്രതികരിച്ചു.