മലപ്പുറം: സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടട്ടേയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും വിവിധ മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാദിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഉച്ചക്ക് 12 മണിയോടെ അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദിൽ എത്തിയാണ് സാദിഖലി തങ്ങൾ ഈ പള്ളിയുടെ കൂടി ഖാദിസ്ഥാനം ഏറ്റടുത്തത്. നേരത്തെ പാണക്കാട് ഉമറലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ മരണാനന്തരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിരുന്നു ഈ പള്ളിയിലെ ഖാദിസ്ഥാനം വഹിച്ചത്.
ഹൈദരലി തങ്ങളുടെ മരണശേഷം ഖാദി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഖാദി സ്ഥാനം ഏറ്റെടുക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ആവശ്യമായ ഇസ്‌ലാമിക വിവരം ഇല്ലെന്ന സമസ്ത നേതാവ് മുക്കം ഉമർ ഫൈസിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ പുതിയൊരു ഖാദിസ്ഥാനം കൂടി ഏറ്റെടുത്തത്. സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെയും പാണക്കാട് കുടുംബാംഗങ്ങൾ നേതൃത്വം നൽകുന്ന ഖാസി ഫൗണ്ടേഷനെതിരെയുമുള്ള ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശങ്ങളാണ് സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് ഉയർന്നത്. അതിനിടെ ഉമർ ഫൈസിയെ ന്യായീകരിച്ച് സമസ്തയിലെ എട്ടു പണ്ഡിതർ രംഗത്തുവന്നതും വിവാദമായി. വിവാദങ്ങളെ കുറിച്ചൊന്നും പരാമർശിക്കാതെയാണ് സാദിഖലി തങ്ങൾ പുതിയ ഖാദി സ്ഥാനം ഏറ്റെടുത്തത്.