ആലപ്പുഴ: അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഗതാഗതം ഇന്ന് (ജൂലൈ 12) രാത്രി മുതല്‍ നിയന്ത്രണം. തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിച്ചു. ഈ റോഡിലൂടെയുളള ഗതാഗതം രാത്രി മുതല്‍ നിയന്ത്രണം ഏർപ്പെടുത്തും.
ഗതാഗതപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആരംഭിച്ച കിഴക്കേ റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടുണ്ട്. ഇതുവഴി വടക്ക് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.
വരുന്ന രണ്ടുമൂന്നു ദിവസങ്ങള്‍ അവധി ആയതിനാല്‍ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക.
ഫ്‌ലൈഓവറിന്റെ പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം തടയുന്നതോടെ തുറവൂരുനിന്നും അരൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പണി പൂര്‍ത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കില്‍ ലൈന്‍ ട്രാഫിക്കായി വടക്കോട്ട് പോകാന്‍ അനുവദിക്കും. നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം.