- കലക്ടറുടെയും പ്രതിയുടെയും പ്രശാന്തിന്റെയും ഫോൺ കോൾ ഇതുവരെയും പോലീസ് എടുത്തിട്ടില്ലെന്ന് കുടംബം. നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴിയും ഇതുവരെയായി അന്വേഷണ സംഘം രേഖപ്പെടുത്തിയില്ലെന്നും വിമർശം. പ്രശാന്തിനെ എ.ഡി.എം വിളച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ അത് ചിലപ്പോൾ സൈറ്റ് ഇൻസ്‌പെക്ഷനു വേണ്ടി ആവാമെന്നും അന്വേഷണം നടന്നാലേ തെളിയൂവെന്നും വാദം.
തലശ്ശേരി: എ ഡി എമ്മിന്റെ മരണത്തിന് പിന്നാലെ സഹപ്രവർത്തകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ജില്ലാ കലക്ടർ പിന്നീട് മൊഴി മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ വാദിച്ചു. എസ്.ഐ.ടി കേസ് എടുത്തിട്ടും മരിച്ച നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴി ഇതുവരെയും പോലീസ് രേഖപ്പെടുത്തിയില്ലെന്നും കുടുംബത്തിനായി വാദിച്ച അഡ്വ. ജോൺ എഫ് റാൾഫ് വ്യക്തമാക്കി.
പ്രശാന്തിനെ എ.ഡി.എം നവീൻ ബാബു വിളച്ചിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ അത് ചിലപ്പോൾ സൈറ്റ് ഇൻസ്‌പെക്ഷനു വേണ്ടി ആവാമെന്നും അതിൽ അന്വേഷണം നടന്നാലേ തെളിയൂവെന്നും പറഞ്ഞു. കലക്ടർ ആദ്യം പറയാത്ത കാര്യമാണ് പിന്നീട് പറഞ്ഞത്. പ്രശാന്തിന്റെയും കലക്ടറുടെയും പ്രതിയുടെയും കോൾ ഡീറ്റെയിൽസ് ഇതുവരെയും പോലീസ് എടുത്തിട്ടില്ലെന്നും കുടംബം കുറ്റപ്പെടുത്തി.
കലക്ടറുടെ മൊഴിയിൽ ഗൂഢാലോചന സംശയമുണ്ട്. എന്തു കാര്യവും വിശ്വസിച്ചേൽപ്പിക്കാവുന്ന ആൾ എന്നതടക്കമുള്ള മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ശേഷം കലക്ടർ അതിന് വിരുദ്ധമായ മൊഴി നൽകിയതിൽ ഗൂഢാലോചനയുണ്ട്. കലക്ടർ എന്തോ ഭയക്കുന്നുവെന്നും പി.പി ദിവ്യ അന്വേഷണ സംഘം രണ്ടുതവണ നോട്ടീസ് നൽകിയിട്ടും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നിലെന്ന വാദം തെറ്റാണെന്നും കുടുംബം വാദിച്ചു.
കൈക്കൂലി വാങ്ങിയെങ്കിൽ വിജിലൻസ് അയാൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും പക്ഷേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കായി ഹാജറായ അഡ്വ. ജോൺ എഫ് റാൾഫ് വാദിച്ചു. കലക്ടർ ആരെയോ ഭയക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളെ സംശയത്തോടെയാണ് കുടുംബം കാണുന്നതെന്നും പറഞ്ഞു.
ദിവ്യയുടെ അറസ്റ്റ് നീണ്ടുപോയോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുൻകൂർ ജാമ്യ ഹരജി കോടതിയിൽ നിലനിൽക്കവേ പ്രതിയുടെ അറസ്റ്റിന് തടസ്സമില്ലെങ്കിലും അപൂർവമായേ പോലീസ് അറസ്റ്റ് ഉണ്ടാകാറുള്ളൂവെന്ന് പ്രതികരിച്ചു. അന്വേഷണം തൃപ്തികരമാണോ എന്ന് ചോദിച്ചപ്പോൾ ശരിയായ നിലയിൽ അന്വേഷണം നീങ്ങിയില്ലെങ്കിൽ ബിനാമി ആരോപണത്തിൽ അടക്കം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അഡ്വ. ജോൺ എഫ് റാൾഫ് വ്യക്തമാക്കി.
റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രതിയുടെയും പ്രോസക്യൂഷന്റെയും കുടുംബത്തിന്റെയും വാദങ്ങൾ കേട്ട ശേഷം വെള്ളിയാഴ്ച വിധി പറയുമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി.