- രാഹുലിനെ പാർട്ടിക്കാർ തന്നെ ചവിട്ടി മെതിക്കുന്നുവെന്ന് ബി.ജെ.പിയുടെ പരിഹാസം
ഹൈദരാബാദ്: ഗൗതം അദാനിയുടെ കമ്പനിയിൽ നിന്നും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 100 കോടി രൂപയുടെ സഹായം സ്വീകരിച്ചത് ചർച്ചയാവുന്നു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നിരന്തരം വിമർശിക്കുന്ന അദാനിയിൽ നിന്നും നേരിട്ടാണ് തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി സാമ്പത്തിക സഹായം സ്വീകരിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഇനിയും സഹായിക്കുമെന്ന് അദാനി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
സംഭവം കോൺഗ്രസിന്റെ എതിരാളികൾ ഏറ്റുപിടിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം നിരന്തരം വിമർശിക്കാറുള്ള അദാനി കമ്പനിയിൽ നിന്ന് എങ്ങനെയാണ് തെലങ്കാന സർക്കാറിന് ഇത് സാധിച്ചത്? രേവന്ത് റെഡ്ഡി രാഹുൽ സ്‌കൂൾ വിട്ടോ? ഇതിനോട് രാഹുൽ ഗാന്ധി എങ്ങനെ പ്രതികരിക്കുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങളും രൂക്ഷ വിമർശങ്ങളും പരിഹാസങ്ങളുമെല്ലാം ഉയർന്നു. കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇതോടെ തെളിഞ്ഞതായി ബി.ജെ.പിയും ബി.ആർ.എസും വിമർശിച്ചു.
ചവിട്ടി പോലെയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ രാഹുൽ ഗാന്ധിയെ പരിഗണിക്കുന്നതെന്നാണ് പരിഹാസം. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മൊദാനി എന്ന് ആക്ഷേപിക്കുമ്പോൾ സംസ്ഥാനത്ത് രേവ്ദാനിയാണ് നടക്കുന്നതെന്ന് ബി.ആർ.എസ് നേതാക്കൾ പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തെലങ്കാനയിൽ സ്‌കിൽസ് സർവകലാശാല തുടങ്ങാനും യുവാക്കളെ വ്യാവസായിക ജോലികളിൽ നൈപുണ്യമുള്ളവരാക്കി മാറ്റാനുമുള്ള പദ്ധതികൾക്കാണ് അദാനിയിൽ നിന്നുള്ള സഹായം സ്വീകരിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, അദാനിയുടെയും നരേന്ദ്ര മോഡിയുടെയും വഴിവിട്ട നീക്കങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നും ഓരോ സംഭവങ്ങളെയും മെറിറ്റനുസരിച്ചുവേണം വിലയിരുത്താനെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു.