മലപ്പുറം- പൊതുവിദ്യാഭ്യാസ വകുപ്പിലേക്കുള്ള എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയുടെ എല്ലാ ജില്ലകളുടെയും നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റിൻ്റെ കാലാവധി കഴിഞ്ഞ വർഷം പൂർത്തിയായിട്ടും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ ഉടൻ നടപടി പൂർത്തിയാക്കണം എന്നുമാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ തസ്തികയിലേക്ക് അവസാനമായി വിജ്ഞാപനം ക്ഷണിച്ചത് 2016ലാണ്. അതിന്റെ പരീക്ഷ 2018 ൽ നടന്ന് റാങ്ക് ലിസ്റ്റ് 2020ൽ നിലവിൽ വന്നു. പ്രസ്തുത തസ്തികയുടെ 2016 ലെ വിജ്ഞാപന സമയത്ത് യോഗ്യതയിൽ വ്യക്തതയില്ലാത്തതിനാൽ സുപ്രീംകോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. 2016 ന് മുന്നേ പ്രസ്തുത തസ്തികയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2009 ലാണ്. ആ സമയത്തും യോഗ്യതയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു.
മറ്റു വിഷയങ്ങളിൽ റാങ്ക് പട്ടിക തീരുന്ന മുറയ്ക്ക് കാലാനുസൃതമായി എച്ച്.എസ്.ടി യ്ക്ക് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ കാണിക്കുന്ന ഈ അനാസ്ഥ കാരണം ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിലപ്പെട്ട സമയവും അവസരങ്ങളുമാണ് നഷ്ടപ്പെട്ടത്. അവസാന 10 വർഷത്തിൽ വെറും ഒരുതവണ മാത്രമാണ് എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2016 ൽ അവസാന വിജ്ഞാപനം പ്രസിദ്ധീകരിച്ച് എട്ട് വർഷം പിന്നിടുന്നു. മറ്റ് വിഷയങ്ങളുടെ ഹൈസ്കൂൾ ടീച്ചർ വിജ്ഞാപനം ഈ അടുത്ത് തന്നെ പ്രതീക്ഷിക്കുമ്പോൾ ഫിസിക്കൽ സയൻസിന്റെ വിജ്ഞാപനം അനിശ്ചിതമായി നീണ്ടു പോവുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ തസ്തികയ്ക്ക് നിഷ്കർഷിച്ച യോഗ്യതകളായ ബിരുദവും, ബി.എഡും, കെ.ടെറ്റും നേടിയ ഒരുപാട് ഉദ്യോഗാർത്ഥികൾ വർഷങ്ങളായി കാത്തിരിക്കുമ്പോൾ പി.എസ്.സി വിജ്ഞാപനത്തിലെ യോഗ്യതയിലെ ആശയക്കുഴപ്പം മൂലം പലരുടെയും സർക്കാർ ജോലി എന്ന സ്വപ്നമാണ് നഷ്ടപ്പെടുന്നത്. സമയാനുസൃതമായി വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതിനാൽ പലർക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി പിന്നിട്ടു കൊണ്ടിരിക്കുകയാണ് .
എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇനിയും കാലതാമസം നേരിട്ടാൽ അത് അനേകം ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തും. തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത കൃത്യമായി പരാമർശിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ഈ വർഷത്തിനകം തന്നെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗാർഥികൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.