കൊച്ചി– ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി സ്വർണ്ണക്കൊള്ള കേസിനെ കുറിച്ച് സംസാരിച്ചത്. ഹൈക്കോടതി അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസിനെയും മുഖ്യമന്ത്രി വിമർശിച്ചു. നോട്ടീസ് തിരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് ഇഡി നോട്ടീസ് അയച്ചത്. കിഫ്ബി വഴി വികസനം ചെയ്തിട്ടുണ്ടെന്നും, ആർബിഐയുടെ അറിവോടെയാണ് ഇതെല്ലാം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസുകളിലെ പോലീസ് നടപടികൾ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതിയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി. പാർലമെൻറ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്നും ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



