കണ്ണൂർ: കണ്ണൂർ ജില്ലയിൽ സി.പി.എമ്മുമായി നിരന്തര പോരാട്ടം നടത്തിയിരുന്ന ഓട്ടോ ഡ്രൈവർ ചിത്രലേഖ(48)അന്തരിച്ചു. തന്റെ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്നാണ് ഇവർ സി.പി.എമ്മുമായി തർക്കത്തിലായത്. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.
2002 ൽ തീയ സമുദായത്തിൽ പെട്ട ശ്രീഷ്കാന്ത് എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് ചിത്രലേഖയുടെ ജീവിതത്തിൽ പ്രശ്നങ്ങളുടെ തുടക്കം. വിവാഹ ശേഷം ചിത്രലേഖ പി.എം.ആർ.വൈ സ്കീം പ്രകാരം ലോണെടുത്ത് ഒരു ഓട്ടോ റിക്ഷ വാങ്ങി. 2004 ൽ ഓട്ടോയുമായി തെരുവിലെത്തിയതോടു കൂടിയാണ് പ്രശ്നങ്ങൾ രൂക്ഷമായി. എടാട്ട് സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്യാൻ സി.ഐ.ടി.യുവിൻ്റെ മെമ്പർഷിപ്പ് വേണമായിരുന്നു. അപേക്ഷ സമർപ്പിച്ചു മൂന്ന് മാസത്തിനു ശേഷമാണ് മെമ്പർഷിപ്പ് അനുവദിച്ചത്. ചിത്ര ലേഖയെ ഓട്ടോ ഡ്രൈവർമാർ അധിക്ഷേപിച്ചാണ് സ്വീകരിച്ചത്.
2005 ഒക്ടോബർ 11 നു സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഓട്ടോ സ്റ്റാൻഡിൽ നവമി പൂജ നടന്ന ദിവസമാണ് ആദ്യമായി ചിത്രലേഖക്കെതിരെ അക്രമം നടന്നത്. ഓട്ടോയുടെ റക്സിൻ കീറി നശിപ്പിച്ചു. തർക്കമായപ്പോൾ “വേണ്ടിവന്നാൽ നിന്നെയും കത്തിക്കും” എന്നായിരുന്നു മറുപടി. ചിത്രലേഖ പോലീസിൽ പരാതിപ്പെട്ടു. എന്നാൽ പഞ്ചായത്ത് അം ഗമടക്കമുള്ളവർ ചിത്രലേഖയെ സ്വഭാവ ദൂഷ്യം ആരോപിച്ച് ഒപ്പുശേഖരണം നടത്തി പോലീസിൽ പരാതി നൽകി. പോലീസ് ചിത്രലേഖയുടെ പരാതിയിൽ നടപടിയെടുത്തില്ല. പിന്നീട് ചിത്രലേഖയുടെ ഓട്ടോ, സ്റ്റാൻഡിലിടുവാൻ സമ്മതിച്ചില്ല. ഡ്രൈവർമാർ ചേർന്ന് ചിത്രലേഖയെ മർദ്ദിക്കുകയും ഒരാൾ അവരുടെ നേരെ ഓട്ടോ ഓടിച്ചു കയറ്റുകയും ചെയ്തു. ഈ കേസിലെ പ്രതിയെ പിന്നീട് ഒരു മാസം കഠിനതടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചു. 2005 ഡിസംബർ 30 നു രാത്രി ചിത്രലേഖയുടെ ഏക വരുമാന മാർഗമായ ഓട്ടോ അക്രമികൾ കത്തിച്ചു. ചിത്രലേഖ നിയമ
യുദ്ധം തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും പുതിയ ഓട്ടോ വാങ്ങാനുള്ള പണം സമാഹരിക്കപ്പെട്ടു. ഗ്രോ വാസുവിന്റെ സാന്നിധ്യത്തിൽ കെ. അജിതയുടെയും കല്ലേൻ പൊക്കുടന്റെയും മറ്റും സാന്നിധ്യത്തിൽ സി.കെ. ജാനു പുതിയ ഓട്ടോയുടെ താക്കോൽ ചിത്രലേഖക്ക് കൈമാറി. പ്ലാച്ചിമട സമര നായികയായിരുന്ന ‘മയിലമ്മ’യുടെ സ്മരണാർത്ഥം അവരുടെ പേരാണ് ഓട്ടോക്ക് നൽകിയത്.
പിന്നീട് ചിത്രലേഖയുടെ വീട്ടിലേക്കുള്ള വഴി പോലും കൊട്ടിയടക്കപ്പെട്ടു. അങ്ങനെ ഓട്ടം ലഭിക്കാതെ വന്ന അവർ പായമെടഞ്ഞു ജീവിക്കാൻ ശ്രമിച്ചു. അതിനിടയിൽ ഭർത്താവു ശ്രീഷ്കാന്തിനെ വെട്ടിക്കൊല്ലാൻ ശ്രമമുണ്ടായി. പക്ഷേ വെട്ടുകൊണ്ടത് അനിയത്തിയുടെ ഭർത്താവിനാണ്. പിന്നാലെ ചിത്രലേഖയുടെ വീട് തകർക്കപ്പെട്ടു. പോലീസ് കേസ് പക്ഷേ ചിത്രലേഖക്കെതിരെ ആയി. ശ്രീഷ്കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് സർക്കാർ അനുവദിച്ച ടോയ്ലറ്റിന്റെ സഹായധനം തടഞ്ഞു വെച്ചു. ഇതിനെ ചോദ്യം ചെയ്തതിനു ഉദ്യോഗസ്ഥനുമായി തർക്കത്തിലായി. ഉദ്യോഗസ്ഥന്റെ പരാതിയിൽ ചിത്രലേഖയും ജയിലിലായി. ചിത്രലേഖയെ നിലക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടു സി.പി.എം പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. നിൽക്കക്കള്ളിയില്ലാതെ 2014 ഒക്ടോബർ 25 നു ചിത്രലേഖ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. 122 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ടതിനെ തുടർന്ന് പിൻവലിച്ചു. ചിത്രലേഖക്കെതിരെ ചാർജ് ചെയ്ത മൂന്നു കേസുകൾ റദ്ദാക്കലും ചിത്രലേഖക്കും കുടുംബത്തിനും താമസിക്കാൻ സ്ഥലവും വീടുവെക്കുവാനുള്ള ധനസഹായവും ആയിരുന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്. വാഗ്ദാനങ്ങൾ നടക്കാതായതോടെ പിന്നീട് സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരം മാറ്റി. 45 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ സർക്കാർ അവർക്ക് 5 സെന്റ് ഭൂമിയും വീടുവെക്കാനായി 5 ലക്ഷം രൂപയും അനുവദിച്ചു. വീടിൻ്റെ നിർമാണം ആരംഭിച്ചു. പിന്നീട് അധികാരത്തിലെത്തിയ പിണറായി സർക്കാർ ഭൂമിയും ധനസഹായവും നൽകാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനം റദ്ദാക്കി. വീടു നിർമാണം പകുതിയിൽ വെച്ച് നിർത്തി വെക്കേണ്ടിവന്നു. ഒരു ഘട്ടത്തിൽ മതംമാറിയ ചിത്രലേഖ ജീവിക്കാൻ വേണ്ടിയാണ് മതംമാറ്റംനടത്തിയതെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ചിത്രലേഖയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.