തിരുവനന്തപുരം: വിളിച്ചിട്ടും രാജ്ഭവനിലേക്ക് വരാത്ത ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും രാജ്ഭവനിൽ നോ എൻട്രി ഏർപ്പെടുത്തി ഗവർണർ. നിരന്തരം വന്നുകൊണ്ടിരുന്നവർ താൻ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർ ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത് റിപോർട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സ്വർണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്നും ഗവർണർ ചോദിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ കത്ത് ഉയർത്തിക്കാട്ടി ഗവർണർ പറഞ്ഞു. സ്വർണക്കടത്ത് നടക്കുന്നത് മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ട്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വരുന്നതിൽനിന്ന് തടഞ്ഞത്. രാഷ്ട്രപതിയെ രേഖാമൂലം വിവരങ്ങൾ അറിയിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള അന്വേഷണം പരിഗണിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ സ്വർണക്കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനായിരുന്നു നിർദേശം. എന്നാൽ, ഗവർണറുടെ ഈ നിർദേശം മുഖ്യമന്ത്രി തള്ളി കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള വാദമുഖങ്ങൾ തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി മുതൽ രാജ്ഭവനിലേക്ക് വരേണ്ടെന്ന് ഗവർണർ നിലപാട് കടുപ്പിച്ചത്.