തിരുവനന്തപുരം: കേരളത്തിൽ ആർ.എസ്.എസുമായി നേരിട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായ പാർട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സി.പി.എം നിർമ്മിച്ച 11 വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് കെട്ട ചരിത്രമില്ല. ആർ.എസ്.എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ പാർട്ടി ഒരിക്കലും വെള്ളം ചേർക്കില്ല. രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ സർക്കാർ വിരുദ്ധ വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാരിന്റെ തുടക്കം മുതൽ എല്ലാ ഭാഗത്ത് നിന്നും എതിർപ്പായിരുന്നു. ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഎം – ആർഎസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാനാണ് ശ്രമം..
ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? ആർ.എസ്.എസുകാരൻ കാവൽ നിൽക്കുന്നത് മനസിലാക്കാം. കോൺഗ്രസ് നേതാവാണ് കാവൽനിന്നത് എന്ന കാര്യം സൗകര്യപൂർവ്വം മറക്കുകയാണ്. എടക്കാട്, തോട്ടട മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നുവെന്നല്ലേ കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആർക്കാണ് ആർ.എസ്.എസ് ബന്ധം. തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നൽകിയത് സിപിഎമ്മാണ്.
അന്ന് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് എന്ന് ഓർക്കണം. രാജീവ് ഗാന്ധിയെ ആർ.എസ്.എസ് നേതാവ് രണ്ടാം കർസേവകൻ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്‌റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സർക്കാർ ആരായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.