തിരുവനന്തപുരം– നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം നേരത്തെ കാന്തപുരത്തെകുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാതിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ മുഖമന്ത്രിയുടെ പോസ്റ്റിന് പിന്നാലെ അതേ രീതിയിൽ പ്രതികരണവുമായി രംഗത്ത് വരികയായിരുന്നു. നിമിഷപ്രിയക്ക് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരത്തിനെയും പേരെടുത്ത് പരാമര്‍ശിച്ചാണ് ഫെയിസ്ബുക്കിലൂടെ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറിച്ചു.
എന്നാല്‍ വധശിക്ഷ മാറ്റിവെച്ചെന്ന ഔദ്യോഗിക അറിയിപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. നിമിഷ പ്രിയയുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഇടപെടലിനെ കുറിച്ച് മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചത്. മനുഷ്യത്വ നിലപാടാണ് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കാന്തപുരം നടത്തിയ ഇടപെടൽ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയുണ്ടായി. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് ശേഷം കാന്തപുരത്തെ പ്രശംസിച്ച് ഗോവിന്ദൻ മാസ്റ്ററും രംഗത്തെത്തി.
“യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്. കാന്തപുരം അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനേയും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.