കണ്ണൂർ – രാഹുൽ ഗാന്ധി തെറ്റായ കാര്യങ്ങൾ പറഞ്ഞാൽ തിരിച്ചും കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കണ്ണൂർ പ്രസ് ക്ലബ്ബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.വി.അൻവർ എം.എൽ.എ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് ആലോചിക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. എന്നാൽ കേരളത്തിൽ വന്ന് പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് രാഹുൽ നിന്ന് ഉണ്ടായത്.
ബി.ജെ.പി യെ സന്തോഷിപ്പിക്കുന്ന നിലപാട് രാഹുൽ ഗാന്ധി സ്വീകരിച്ചതിനാലാണ് വിമർശനം ഉന്നയിക്കേണ്ടി വന്നത്. ഇതിനെതിരെ തെറ്റായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിന് സ്വാഭാവികമായും മറുപടി പറയേണ്ടി വരും.പൗരത്വ നിയമത്തെ കുറിച്ച് ഒരക്ഷരം രാഹുൽ ഗാന്ധി മിണ്ടുന്നില്ല.കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ നടന്നത് ശുദ്ധ തെമ്മാടിത്തരമാണ്. വടകരയിലെ കെ.കെ ശൈലജയുടെ വരവോടെ കാര്യങ്ങൾ പിടിവിട്ടു എന്ന് കണ്ടപ്പോഴാണ് യു ഡി എഫ് സംസ്ക്കാരത്തിന് ചേരാത്ത തെമ്മാടിത്തം കാട്ടുന്നത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നൽകിയില്ല. ചില മോഹഭംഗങ്ങൾ കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. – മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിന് തന്നെ വലിയ അപകടം ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസരം ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ രാഷ്ട്രത്തിന് ഉണ്ടാകാൻ പോകുന്ന അപകടം വിവരണാതീതമായിരിക്കും.
അതിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് ഉള്ളത്. ബിജെപിയെ പരാജയപ്പെടുത്തത്തക്ക വിധമുള്ള പൊതു സാഹചര്യം ഉയർന്നു വന്നിരിക്കുകയാണ്. അത് ബിജെപിക്കും മനസ്സിലായിരിക്കുകയാണ്.
കാരണം അവർ അവരുടെ ഏറ്റവും വലിയ കാർഡ്, വർഗീയ കാർഡ് ഇറക്കി കളിക്കാൻ ഇപ്പോൾ തയ്യാറായിരിക്കുകയാണ്.
പ്രധാനമന്ത്രി തന്നെ കടുത്ത വിഷലിപ്തമായ വർഗീയ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടി വന്നത്. രാജ്യത്ത് ബിജെപി ഗവൺമെന്റിന് ഇനിയൊരു ഉഴമില്ല എന്ന് ജനങ്ങൾ ആകെ തീരുമാനിച്ച ഘട്ടമാണിത്. – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോട് ഒരു കേരള വിരുദ്ധ സമീപനം ബിജെപിക്കുണ്ട്. അതിനു കാരണം അവരെ കേരളം സ്വീകരിക്കുന്നില്ല എന്നതാണ്. ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ല – കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ് – ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു. – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇടത് തരംഗം അലയടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.