തിരുവനന്തപുരം– കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വീടു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലം നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്‌കാര ചടങ്ങിന്റെ ചിലവിന് 50000 രൂപ നല്‍കുമെന്ന് മന്ത്രി വാസുദേവന്‍ പറഞ്ഞു. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സര്‍ക്കാറിനെ സമ്മതിക്കില്ലെന്നും അപകടത്തില്‍ മന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പഴയ കെട്ടിടം പൊളിക്കാമായിരുന്നു. പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനത്തായി കാത്തിരിക്കേണ്ടിയിരുന്നില്ല. ഇന്നലെ കോട്ടയത്തുണ്ടായിട്ട് പോലും മുഖ്യമന്ത്രി ബിന്ദുവിന്റെ കുടുബത്തെ കാണാന്‍ ശ്രമിച്ചില്ല. ഒരു സിപിഎം നേതാവ് പോലും സംഭവസ്ഥലം സന്ദര്‍ശിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.