കോട്ടയം – ഉമ്മൻചാണ്ടി ഫൗണ്ടേഷൻ വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം. എൽ. എ.ഫൗണ്ടേഷനിൽ ഉള്ള ഏക രാഷ്ട്രീയക്കാരൻ താനാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉമ്മൻചാണ്ടി രൂപീകരിച്ച ആശ്രയ എന്ന കൂട്ടായ്മയിലും ഇതുതന്നെയായിരുന്നു അവസ്ഥ. താൻ പോലും അതിൽ അംഗമായിരുന്നില്ല.
ഉമ്മൻചാണ്ടി ഫൗണ്ടേഷനിൽ കോൺഗ്രസിലെ സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരെ ഒഴിവാക്കിയത് ചർച്ചയായതിനെ തുടർന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ വിവാദത്തിന് സ്ഥാനം ഇല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ മറന്നത് ജനങ്ങൾ മനസിലാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹം തറക്കല്ലിട്ട കോഴിക്കോട് തിരുവനന്തപുരം മെട്രോകൾ ഇനിയും പണി ആരംഭിച്ചിട്ടില്ലെന്നും കൊച്ചി മെട്രോയുടെ ട്രയൽ റൺ യുഡിഎഫ് കാലത്ത് തന്നെ പൂർത്തിയാക്കിയിട്ടും അദേഹത്തെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പല പദ്ധതികളും ആരംഭിക്കാത്തതിന് പിന്നിൽ കേരളത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതാണ് കാരണം. വിഴിഞ്ഞം പദ്ധതിക്ക് ആദ്യം വന്ന ചൈനീസ് കമ്പനിയെ രാജ്യസുരക്ഷ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് അദാനി ഗ്രൂപ്പ് വന്നത്. ഇടതു സർക്കാർ വികസനത്തിൽ രാഷ്ട്രീയം കാണുകയാണ്. ഉമ്മൻചാണ്ടിയോ താനോ ഒരിക്കലും അങ്ങനെ ചെയ്യാറില്ല വിഴിഞ്ഞം തുറമുഖം യഥാർത്ഥ്യമാക്കാൻ എല്ലാവർ ക്കും പങ്കുണ്ടെന്ന് ചാണ്ടി ഉമ്മൻ കോട്ടയത്ത് വാർത്താ സമ്മേളന ത്തിൽ പറഞ്ഞു