കോട്ടയം– പഴകി നുരുമ്പിച്ച കെട്ടിടം, ചോര്‍ന്നൊലിക്കുന്ന മുറികള്‍, പൊട്ടിപ്പൊളിഞ്ഞ ഭിത്തിയും മേല്‍ത്തട്ടും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്ന കെട്ടിടത്തിനേക്കാള്‍ പഴക്കമുള്ള കെട്ടിടത്തിലിരുന്ന് നീറ്റ് പരീക്ഷ എഴുതി പഠിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ ദയനീയാവസ്ഥ പങ്കുവെക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ അവസ്ഥയറിഞ്ഞ് ഓടിയെത്തിയ ചാണ്ടി ഉമ്മനോടാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. രണ്ടുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളില്‍ അഞ്ചുപേര്‍വരെയാണ് താമസിക്കുന്നത്. മിക്ക ജനാലകള്‍ക്കും പാളികളില്ല, ജനല്‍വഴി മുറിക്കകത്തേക്ക് കയറി നില്‍ക്കുന്ന കാട്ടുചെടികള്‍, ഇതിനേക്കാളൊക്കെ വലിയം അപകടം തലയ്ക്കുമുകളില്‍ നില്‍ക്കുന്നതാണ്. നനഞ്ഞു കുതിര്‍ന്ന കെട്ടിടത്തിനു മുകളില്‍ 14,000 ലിറ്റര്‍ വെള്ളത്തിന്റെ നാല് ടാങ്കുകളാണ്.
അപകടവസ്ഥയെ പറ്റി നിരവധി തവണയാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. ഇതിന് പരിഹാരമായെന്നോണം നടപ്പിലാക്കിയത് അടുത്തിടെ തുടങ്ങിയ പെയ്ൻ്റിങ് പണി മാത്രമാണ്. ബീഹാറില്‍ നിന്ന് പഠനത്തിനായി കേരളത്തിലെത്തിയ സക്കീബ് കമാര്‍ ഇവിടെ പഠനം അത്യുഗ്രമാണെന്നും എന്നാല്‍ ബിഹാറിലെ ഹോസ്റ്റലുകള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടതൊണെന്നും എംഎല്‍എയോട് പറഞ്ഞു. പുതുതായി പണിത ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അവസ്ഥയും മെച്ചമില്ല. പരിസരത്തും മുറികളിലേക്ക് കയറുന്ന ഭാഗത്തുമൊക്കെ മാലിന്യം തള്ളിയിരിക്കുകയാണ്. ചുറ്റും ഇഴ ജന്തുക്കള്‍ സൈ്വര്വവിഹാരം നടത്തുന്ന കുറ്റിച്ചെടികളുടെ കാട്. 200ഓളം വിദ്യാര്‍ഥികളാണ് ഈ രണ്ട് ഹോസ്റ്റലുകളിലായി പഠിക്കുന്നത്. ഈ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം വൈകിക്കുന്നത് കേരളം അടുത്ത ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണ്.