ആലപ്പുഴ : കനത്ത മഴയെ അവഗണിച്ചുകൊണ്ട് ചമ്പക്കുളത്താറിൻ്റെ ഇരുകരകളിലും തിങ്ങി കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴത്ത ആയാപറമ്പ് വലിയ ദിവാൻജി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലാബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മുന്നാം സ്ഥാനം ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി.
പ്രാഥമിക മത്സരത്തിൽ രണ്ടാം സ്ഥാനത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞസെന്റ് ജോർജ് ചുണ്ടൻ ഒന്നാം സ്ഥാനവും യു ബി സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ജീസസ് ബോട്ട് ക്ലബ് കൊല്ലം ചെറുതന മൂന്നാം സ്ഥാനവും നേടി.
മൽസര വള്ളംകളിക്കു മുമ്പായി രാവിലെ തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്ഠാനങ്ങളും നടത്തി.തുടന്ന് ഉച്ചകഴിഞ്ഞു രണ്ടിന് എ ഡി എം വിനോദ് രാജ് പതാക ഉയർത്തി. കുട്ടനാട് എംഎൽഎ തോമസ്.കെ.തോമസ് ഉൽഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജ കുമാരി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു.
ചുണ്ടൻ വള്ളങ്ങളുടെ ആദ്യപാദ മത്സരത്തിൽ മൂന്നാം ഹീറ്റ്‌സ് നടത്തിപ്പിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് ആ മത്സരം വീണ്ടും നടത്തി. ഇതുമൂലം ഫൈനൽ മത്സരം ഒരുമണിക്കൂറോളം വൈകിയാണ് നടന്നത് .