- തെറ്റായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ വർധിക്കുന്നു. പണമിടപാടിൽ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്
കോഴിക്കോട്: സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തുമ്പോൾ സ്ത്രീകൾ അതീവ ജാഗ്രത കാണിക്കണമെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സ്ത്രീകൾ വളരെയേറെ ചൂഷണത്തിന് വിധേയരാകുന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാസമ്പന്നമായ നാടാണെങ്കിലും തെറ്റായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ വർധിച്ചുവരികയാണെന്നും അവർ പറഞ്ഞു. അന്ധവിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ആവശ്യമായ രേഖകൾ പോലും ഇല്ലാതെ സാമ്പത്തിക ഇടപാടുകളിൽ പണം നഷ്ടമാകുമ്പോൾ സ്ത്രീകൾ അതിനു പരിഹാരം കാണാനാകാതെ മാനസിക സംഘർഷത്തിന് ഇരകളാവുന്നതായി കമ്മിഷന് മുമ്പാകെ വരുന്ന പരാതികളിൽ നിന്നും മനസ്സിലാക്കാനായതായി അധ്യക്ഷ നിരീക്ഷിച്ചു.
ഗാർഹിക ചുറ്റുപാടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണവും വർധിക്കുന്നു. ഭാര്യാ-ഭർത്താക്കൾ തമ്മിലുള്ള കലഹത്തിൽ കുട്ടികൾ വലിയതോതിൽ മാനസിക സംഘർഷത്തിനു ഇരകളാകുന്നു. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ വാശിയേറിയ കലഹങ്ങൾ കുടുംബാന്തരീക്ഷം വളരെയേറെ സങ്കീർണ്ണമാക്കുന്ന അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം, സ്ത്രീകൾക്ക് നിയമപ്രകാരം ലഭിക്കേണ്ട സ്വത്തവകാശം സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ നിഷേധിക്കുന്ന സംഭവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും കമ്മിഷനു മുമ്പാകെ എത്തുകയുണ്ടായി.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരാതി പരിഹാരത്തിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കമ്മിറ്റികൾ വളരെ ഫലപ്രദമായി പരാതികൾ കൈകാര്യം ചെയ്യണമെന്ന് അവർ നിർദേശിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിംഗിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 11 പരാതികൾ തീർപ്പാക്കി. ഏഴ് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടി. 46 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അമ്മയ്ക്കും കുട്ടിക്കും കൗൺസലിങ് ആവശ്യമായ ഒരു കേസ് ചേളന്നൂരിലെ ഐ സി ഡി എസ് ഓഫീസിലേക്ക് കൈമാറി. മൂന്ന് പുതിയ പരാതികൾ ലഭിച്ചതായും അധ്യക്ഷ അറിയിച്ചു.

സിറ്റിംഗിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ റീന, ജിഷ, കൗൺസലർമാരായ സബിന, അവിന എന്നിവരും പങ്കെടുത്തു.