തേഞ്ഞിപ്പലം– മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് മതേതരത്വം. ജനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന ആശയങ്ങള്‍ സ്വീകരിച്ചത്. വിട്ടുവീഴ്ചയില്ലാതെ നടത്തിയ പോരാട്ടമാണ് നമുക്ക് സ്വാതന്ത്ര്യം നേടിതന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമരങ്ങളാണ് നമ്മുക്കിന്ന് വേണ്ടത്. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ മനുഷ്യവിരുദ്ധര്‍ക്ക് കൂകല്‍ കേള്‍ക്കേണ്ടിവന്നു. ഗസയിലെ ജനങ്ങളും മനുഷ്യത്വത്തിന്റെ പുലരികള്‍ കാത്തിരിക്കുന്നുണ്ടെന്നും ഗ്രെയ്സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവിന്ദ്രന്റെ ആശംസ സന്ദേശ വീഡിയോ പ്രദര്‍ശിപ്പിച്ചു. നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സി എച്ച് മുഹമ്മദ് കോയാ ചെയർ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ജി. മോഹന്‍ ഗോപാല്‍ ‘ഭരണഘടനാ വാഗ്ദാനങ്ങളുടെ വിണ്ടെടുപ്പ്: തുല്യപൗരത്വം, കൂട്ടായ മാനവികത’ എന്ന സെമിനാര്‍ പ്രമേയാവതരണം നടത്തി.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ സുബൈര്‍ സ്വാഗതം പറഞ്ഞു. ഗ്രെയ്സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ട്രഷറര്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ മുനീറിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. സിഎഎക്കെതിരെ രംഗത്തുവന്ന് പദവി രാജിവെച്ച അബ്ദുറഹ്‌മാന്‍ ഐ.പി.എസ് (മഹാരാഷ്ട്ര) ‘ആബ്സന്റ് ഇൻ പൊളിറ്റിക്സ് ആൻഡ് പവർ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., വി.ടി. ബല്‍റാം, ഹാരിസ് ബീരാന്‍ എം.പി., പി.വി അഹമ്മദ് സാജു, പി.കെ. നവാസ് സംസാരിച്ചു. അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, ഡോ. വി പി അബ്ദുൽ ഹമീദ്, ഡോ. വി പി സക്കീർ ഹുസൈൻ സംബന്ധിച്ചു. ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി നന്ദി പറഞ്ഞു.