- അഭിനയത്തിലല്ല, ജയിപ്പിച്ച മണ്ഡലത്തിലും മന്ത്രി ഓഫീസിലും സജീവമാകണമെന്ന് നേതൃത്വം
ന്യൂഡൽഹി: സിനിമയിലെ അഭിനയവും കേന്ദ്രമന്ത്രി പദവും ഒരുമിച്ച് പോകണമെന്ന സുരേഷ് ഗോപിയുടെ മോഹത്തിന് കേന്ദ്രത്തിന്റെ ഫുൾസ്റ്റോപ്പ്. രണ്ടും ഒരുമിച്ച് പോകില്ലെന്നും പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടാൻ മന്ത്രിമാർക്ക് വിലക്കുണ്ടെന്നും കേന്ദ്ര നേതൃത്വം മന്ത്രിയെ അറിയിച്ചതായാണ് വിവരം.
അഭിനയത്തിൽ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയിൽ ശ്രദ്ധിക്കാനാണ് കേന്ദ്ര സർക്കാർ സുരേഷ് ഗോപിക്ക് നൽകിയ നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തരമന്ത്രി അമിത് ഷായും ഇത് സംബന്ധിച്ച വ്യക്തമായ നിലപാട് സുരേഷ് ഗോപിയെ അറിയിച്ചിട്ടുണ്ടെന്ന് പറയുന്നു.
സിനിമാ കരാറിൽ ഒപ്പിട്ട സുരേഷ് ഗോപി മന്ത്രിസ്ഥാനത്തോടൊപ്പം അഭിനയവും മുന്നോട്ടുപോകാൻ താൽപര്യം പ്രകടിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതി തേടിയ സാഹചര്യത്തിലാണ് പുതിയ നിലപാട് അറിയിക്കൽ.
എന്നാൽ, ഇതോട് സുരേഷ് ഗോപിക്ക് പൂർണ യോജിപ്പില്ലെന്നും പറയുന്നു. സുരേഷ് ഗോപി താടി വടിച്ചുള്ള പുതിയ ഫോട്ടോ എഫ്.ബിയിലിട്ടത് ഇതിന്റെ സൂചനയാണെന്നും സംസാരമുണ്ട്. ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പൻ’ സിനിമ പൂർത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടി വളർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഹൈലൈറ്റാണെന്ന് പറഞ്ഞായിരുന്നു താടിവളർത്തൽ. എന്നാൽ, താടി ഒഴിവാക്കിയ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേന്ദ്ര തീരുമാനത്തിലുള്ള തന്റെ നിസ്സഹായാവസ്ഥയും നീരസവുമാണ് നടൻ പ്രകടിപ്പിച്ചതെന്നാണ് പറയുന്നത്.
എന്തായാലും മന്ത്രിപദത്തിൽ ഇരുന്ന്, വെള്ളിത്തിരയിലും ഒരേസമയം തിളങ്ങാമെന്ന സുരേഷ് ഗോപിയുടെ മോഹം നടക്കില്ലെന്നു തന്നെയാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന വിവരം. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ വാക്കു കൊടുത്ത സിനിമകളിൽ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ് ഗോപി. നിർബന്ധമാണമെങ്കിൽ വേതനം വാങ്ങാതെ വർഷത്തിൽ ഒരു സിനിമ എന്ന നിലയ്ക്ക് അഭിനയിക്കാൻ നേതൃത്വം മനമില്ലാ മനസ്സോടെ സമ്മതം മൂളിയതായും പറയുന്നു. ഇതിന് സുരേഷ് ഗോപി വഴങ്ങുമോ അതോ അതൃപ്തി കൂടുതൽ പരസ്യമാക്കി രംഗത്തുവരുമോ എന്നാണിനി അറിയാനുള്ളത്.
സിനിമാഭിനയത്തിന് അനുമതിയില്ലെങ്കിൽ മന്ത്രിയായി തുടരില്ലെന്നും തന്റെ വരുമാനം നിലയ്ക്കാൻ അനുവദിക്കില്ലെന്നും സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ അത്തരമൊരു നിലപാടിലൂടെ കാര്യങ്ങൾ കടുപ്പിക്കാൻ സുരേഷ് ഗോപിക്കാവില്ലെന്നാണ് പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.