കല്‍പ്പറ്റ – സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിനായി ദല്‍ഹിയില്‍ നിന്നുള്ള സി ബി ഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് വിവരങ്ങള്‍ ശേഖരിക്കും.
അന്വേഷണസംഘം കല്‍പ്പറ്റ ഡി വൈ എസ് പി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. കേസ് സി ബി ഐക്ക് ക്ക് വിടാനുള്ള നടപടി ക്രമങ്ങള്‍ വൈകിയതില്‍ ഡി ജി പിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സി ബി ഐക്ക് കൈമാറി ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. സി ബി ഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചിരുന്നു.
അന്വേഷണം നിരസിക്കാന്‍ സി ബി ഐക്ക് അധികാരമില്ലെന്നും കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ വിജ്ഞാപനം ഇറങ്ങാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞത്. ഒരു കേസ് സി ബി ഐ ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഉത്തരവിറക്കിയാല്‍ മാത്രമേ സി ബി ഐക്ക് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കൂവെന്നാണ് സി ബി ഐ കോടതിയില്‍ പറഞ്ഞിരുന്നു.