കൊച്ചി– ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി റാപ്പര്‍ വേടന്‍. ജാതി ഭീകരതയെന്ന് പറയുന്നത് കോമഡിയാണെന്ന് അദ്ദേഹം പരിഹസിച്ചു. അമ്പലങ്ങളില്‍ ഇനിയും പാടുമെന്നും താന്‍ വിഘടനവാദിയാണെന്ന് മുമ്പ് പലരും പറഞ്ഞിട്ടുണ്ടെന്നും വേടന്‍ പ്രതികരിച്ചു. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
‘പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ, ഇത് പുതിയ കാര്യമല്ല. ഞാന്‍ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകള്‍ തീരുമാനിക്കട്ടെ. അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കും. ഞാന്‍ പോയി പാടുകയും ചെയ്യും’ വേടന്‍ പറഞ്ഞു. പുലിപ്പല്ല് കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോളാണ് വേടന്‍ പ്രതികരണമറിയിച്ചത്.
കേസരി വാരിക മുഖ്യപത്രാധിപനായ ഡോ. എന്‍.ആര്‍ മധു വേടന്റെ പാട്ടുകള്‍ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണ് വേടന്റെ പാട്ടുകളെന്നും വളര്‍ന്നു വരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും മധു പറഞ്ഞു. അമ്പലപ്പറമ്പിലെ വേടന്റെ പരിപാടികളെ ആട്ടും കൂത്തുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.