- ഡോ. ശ്രീകുട്ടി വിവാഹമോചിത, അജ്മൽ ക്രിമിനൽ കേസുകളിലെ പ്രതി
കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ നരഹത്യക്കേസെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലി(27)നെയും സുഹൃത്തായ നെയ്യാറ്റിൻകര സ്വദേശിനി ഡോക്ടർ ശ്രീക്കുട്ടി(27)യെയും 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
പ്രതികൾ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ശരീരത്തിലൂടെ ബോധപൂർവ്വം കാർ കയറ്റിയെന്നാണ് റിമാൻഡ് റിപോർട്ടിലുള്ളത്. അപകടമുണ്ടായ ശേഷം ഡോക്ടർ ശ്രീക്കുട്ടിയാണ് വാഹനം മുന്നോട്ടെടുക്കാൻ അജ്മലിന് നിർദേശം നൽകിയതെന്ന് റിമാൻഡ് റിപോർട്ടിലുണ്ട്. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.
പ്രതികൾ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) തിരുവോണദിനത്തിൽ വൈകീട്ട് അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ, ഡ്രൈവർ കാർ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഇതിനാലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപോർട്ട്. സംഭവത്തിന് പിന്നാലെ ഡോക്ടർ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരിക്കുകയാണ്.
പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെട്ടത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണെന്നാണ് പറയുന്നത്. അജ്മൽ കൊറിയോഗ്രാഫർ എന്ന രീതിയിൽ രണ്ടുമാസം മുമ്പാണ് ശ്രീക്കുട്ടിയുമായി സുഹൃദ് ബന്ധമുണ്ടാക്കിയത്. അത് പിന്നീട് അടുത്ത സൗഹൃദമായി വളരുകയും ലഹരി കൂട്ടായ്മകളിൽ അടക്കം ഇരുവരും ഒരുമിക്കുകയും അജ്മൽ അത് മുതലെടുക്കുകയുമായിരുന്നു. അതിനാലാണ് ചുരുങ്ങിയ കാലത്തിനിടയ്ക്ക് എട്ടുലക്ഷം രൂപ ഡോ. ശ്രീക്കുട്ടിയിൽ നിന്ന് വാങ്ങാൻ അജ്മലിനായതെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശികളുടെ മകളായ ശ്രീക്കുട്ടി 2017-ലാണ് എം.ബി.ബി.എസ് പാസായത്. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്ന് പഠിച്ചിറങ്ങിയ ശ്രീക്കുട്ടി എം.ബി.ബി.എസ് പഠനത്തിനിടയിൽ വിവാഹിതയായെങ്കിലും ഒരു വർഷം മാത്രമേ ബന്ധം തുടർന്നുള്ളൂ. കഴിഞ്ഞ ഒരുവർഷമായി ഇവർ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടറായി ജോലി ചെയ്തു വരികയാണ്.