കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് സ്ത്രീകളടക്കമുള്ള സംഘം യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ലക്ഷങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എ.ടി.എം കൗണ്ടറിൽ പണം നിക്ഷേപിക്കാൻ പോകുന്നതിനിടെ പർദ്ദയിട്ട രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറിലുള്ളത്.
യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീഴുകയും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നുവെന്നുമാണ് എഫ്.ഐആറിൽ രേഖപ്പെടുത്തിയത്.
25 ലക്ഷമല്ല, 72,40,000 രൂപയാണ് (എഴുപത്തി രണ്ട് ലക്ഷത്തി നാൽപതിനായിരം) കവർന്നതെന്നാണ് യുവാവിന്റെ പരാതിയെന്ന് പോലീസ് പ്രതികരിച്ചു. ഫോറൻസിക് സംഘവും വിരൽ അടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൊഴിയിലെ വ്യത്യാസങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരമാണ് എ.ടി.എം കൗണ്ടറിൽ പണം നിക്ഷേപിക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കി അക്രമികൾ പണം കവർന്നത്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുത്തതെന്നും കേസിലെ ദുരൂഹതകൾ നീക്കി അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമമെന്നും പോലീസ് പറഞ്ഞു.