തൃശൂര്‍– ഭാര്യാ പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് സമയത്തിന് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച് വ്യവസായി. എന്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസാണ് പാലിയേക്കര ടോളില്‍ പ്രതിഷേധിച്ചത്. ദേശീയപാത 544ല്‍ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത് അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത് മൂലം കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി മണിക്കൂറുകള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് കാരണം വൈകുകയായിരുന്നു. അരമണിക്കൂറില്‍ എത്തേണ്ട സ്ഥലത്ത് രണ്ട് മണിക്കൂറെടുത്താണ് എത്തിച്ചേരാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുവരുമ്പോഴാണ് വര്‍ഗീസ് ജോസ് ടോള്‍പ്ലാസയില്‍ പ്രതിഷേധിച്ചത്.
പണി നടക്കുന്ന റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ട് യാത്രക്കാര്‍ ബുദ്ധിമുട്ടിലായതിനാല്‍ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ പ്രതിഷേധം. മോശം റോഡില്‍ ടോള്‍ പിരിക്കുന്നതെന്ന് ശരിയാണോ എന്ന് കോടതി പരാമര്‍ശിച്ചിരുന്നു. ജസ്റ്റിസുമാരായ മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. ടോള്‍ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയല്ല നിലവില്‍ അടിപ്പാതകളുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. എന്നാല്‍ ഈ കാര്യം പൊതുജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചു.