(കോന്നി)പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ ഈപ്പൻ, ബിജു പി ജോർജ്, അനു എന്നിവരാണ് മരിച്ചത്. മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്ന നവദമ്പതികളായ അനുവുനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും അപകടത്തിൽ പെട്ടത്. വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് ബസ്സുമായി കൂട്ടിയിടിച്ച് നാല് ജീവനും പൊലിഞ്ഞത്.

ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തു വച്ചും അനു ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ വെട്ടി പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.
എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ നവംബർ 30-നായിരുന്നു നിഖിലിന്റേയും അനുവിന്റേയും വിവാഹം. യു.കെയിൽ എൻജിനീയറാണ് നിഖിൽ. അനു എം.എസ്.ഡബ്ല്യു കഴിഞ്ഞതാണ്. കാർ ദിശതെറ്റി ബസിൽ ഇടിച്ചതായാണ് ദൃസാക്ഷികൾ പറയുന്നത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയോ എന്നും നിയന്ത്രണം നഷ്ടപ്പെട്ടോ എന്നും സംശയങ്ങളുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ബസ്സിലുണ്ടായത്. ഇവർ ദർശനം കഴിഞ്ഞു മടങ്ങവെയാണ് അപകടം. ബസ്സിലുണ്ടായിരുന്ന പലർക്കും സാരമായ പരുക്കുണ്ട്. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.