തിരുവനന്തപുരം– സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് . പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷനെ പ്രഖ്യാപിച്ച മന്ത്രി, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുമെന്നും പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറപ്പുനൽകി. ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷ തത്വം പാലിക്കുമെന്ന ഇടതുപക്ഷ സർക്കാരുകളുടെ നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായ ഡി.എ, ഡി.ആർ കുടിശ്ശികകൾ പൂർണ്ണമായും നൽകാൻ ബജറ്റിൽ തീരുമാനമായി. ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ബാക്കിയുള്ള എല്ലാ കുടിശ്ശിക ഗഡുക്കളും മാർച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യും. ഇതിനായുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, നിർത്തലാക്കിയിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് (HBA) പുനഃസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും നിർണ്ണായകമായ മറ്റൊരു പ്രഖ്യാപനം പങ്കാളിത്ത പെൻഷന് പകരമുള്ള ‘അഷ്വേഡ് പെൻഷൻ’ പദ്ധതിയാണ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കുന്ന ഈ പദ്ധതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള എൻ.പി.എസ് അംഗങ്ങൾക്ക് പുതിയ പദ്ധതിയിലേക്ക് മാറാൻ അവസരമുണ്ടാകും. താല്പര്യമുള്ളവർക്ക് എൻ.പി.എസിൽ തന്നെ തുടരാനും സാധിക്കും.
രണ്ട് മണിക്കൂറും 54 മിനിറ്റും നീണ്ട പ്രസംഗത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സ്പർശിക്കുന്ന ക്ഷേമപദ്ധതികളും മന്ത്രി അവതരിപ്പിച്ചു. ബിരുദതലം വരെ പഠനം സൗജന്യമാക്കിയതും സ്കൂൾ വിദ്യാർത്ഥികൾ, ഹരിത കർമ്മസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്കായി പ്രഖ്യാപിച്ച പ്രത്യേക ഇൻഷുറൻസ് പദ്ധതികളും ശ്രദ്ധേയമാണ്. ആശ-അങ്കണവാടി ജീവനക്കാരുടെ വേതന വർധനവിനൊപ്പം പത്രപ്രവർത്തക പെൻഷനും ബജറ്റിൽ വർധിപ്പിച്ചു.



