കോഴിക്കോട്– പോലീസിനെ അക്രമിച്ച കേസിൽ തൻ്റെ സഹോദരൻ പി.കെ. ജുബൈറിനെ അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ജുബൈറിന് തൻ്റെ രാഷ്ട്രീയവുമായോ നിലപാടുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഫിറോസ് വ്യക്തമാക്കി. ജുബൈറിന്റെ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചാൽ അതില്‍ വ്യക്തമായി കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ജുബൈറിനെതിരായ പൊലീസ് അന്വേഷണത്തെ താൻ പൂര്‍ണമായി പിന്തുണക്കുന്നതായും, സമൂഹത്തിന് അപകടമാകുന്ന ലഹരി ഇടപാടിൽ സഹോദരന് പങ്കുണ്ടായാൽ ശക്തമായ നിയമനടപടി ആവശ്യമായതായും ഫിറോസ് വ്യക്തമാക്കി.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്‌തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പൊലീസ് പറയുന്നത്. എന്നാൽ റിയാസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും, അദ്ദേഹത്തിന് വേണ്ടി സിപിഎം നേതാക്കൾ തന്നെ പൊലീസ്സ്റ്റേഷനിലെത്തിയതായും ഫിറോസ് ആരോപിച്ചു.
“ഞാനും എന്റെ കുടുംബവും ജുബൈറിന്റെ കാര്യത്തിൽ ഇടപെടില്ല. നിയമം അനുസരിച്ച് അന്വേഷണം നടക്കട്ടെ,” എന്നാണ് ഫിറോസിന്റെ നിലപാട്.
ബിനീഷ് കോടിയേരി വിവാദം അഭിമുഖീകരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പിതാവായ കോടിയേരി ബാലകൃഷ്ണന് രാജിവെക്കണമെന്നാണ് താൻ പറഞ്ഞതായുള്ള ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്നും ഫിറോസ് വ്യക്തമാക്കി. സഹോദരൻ്റെ അറസ്റ്റ് തനിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം ചെയ്യുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് ഈ നീക്കങ്ങൾ നടക്കുന്നതെന്നും, ഇത്തരക്കാരെയും അവരുടെ പ്രചാരണങ്ങളെയും ഭയന്ന് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ നിലപാടിൽ നിന്ന് പിൻമാറില്ലെന്നും ഫിറോസ് വ്യക്തമാക്കി.