തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തിൽ കേടുവന്ന് കിട്ടക്കുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ എഫ്.35 വിമാനം നന്നാക്കുന്നതിനായി ബ്രിട്ടീഷ് സേനയുടെ എയർബസ് എ400 എം അറ്റ്‌ലസ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്റ് ചെയ്യും. മസ്ക്കറ്റ് വിമാനത്താവളത്തിൽനിന്നാണ് എയർ ബസ് എ 400 എം വിമാനം ടേക്കോഫ് ചെയ്തത്. ലണ്ടന് 121 കിലോമീറ്റർ വടക്കുപടിഞ്ഞാറുളള ബ്രൈസ് നോർട്ടൻ എയർബേസിൽ നിന്ന് ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം 5:26 ന് ടേക്കോഫു ചെയ്ത അറ്റ്‌ലസ് അഞ്ചുമണിക്കൂർ, 26 മിനിറ്റ് പറന്ന് 3,348 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ സമുദ്രത്തിലെ സൈപ്രസ് ദ്വീപിന്റെ തെക്കേ മൂലയ്ക്കുള്ള ആക്രട്ടീരി എയർബേസിലാണ് ആദ്യം ഇറങ്ങിയത്. അവിടെനിന്ന് ഒമാനിലെത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയത്.
ജൂൺ 14 ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ എഫ്.35 വിമാനം എമർജൻസി ലാന്റിംഗ് നടത്തിയത്. ഈ വിമാനം നന്നാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടിഷ് വ്യോമസേനയുടെ നാല് എൻജിൻ ടർബോപ്രോപ്പുള്ള, എയർബസ് എ400എം അറ്റ്‌ലസ് എന്ന വമ്പൻ കടത്തു വിമാനം എത്തുന്നത്. എഫ്35 സാങ്കേതിക വിദഗ്ധരും അറ്റകുറ്റപ്പണികൾക്കുള്ള എല്ലാ ഉപകരണങ്ങളും കൂടെയുണ്ട്. എഫ്35ബി വിമാനം നന്നാക്കാനാവാത്ത അവസ്ഥയിലാണെങ്കിൽ അഴിച്ചെടുത്ത് ലണ്ടനിലേക്ക് കൊണ്ടുപോകും.
(വിവരങ്ങൾക്ക് ജേക്കബ് ഫിലിപ്പിനോട് കടപ്പാട്)