കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രൻ(56) വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻ.ആർ.എക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ സഹപ്രവർത്തകയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴിന് വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നി വച്ച് അധ്യാപികയിൽ നിന്നും 10,000/ രൂപ പണമായും 90,000/ രൂപ ചെക്കായും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം രവീന്ദ്രനെ പിടികൂടിയത്.
ഈ മാസം അവസാനം സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് പി.എഫിന് പോലും കൈക്കൂലിയെന്ന വിചിത്രമായ നടപടിയിലൂടെ രവീന്ദ്രന് വിജിലൻസ് പിടി വീണത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.
വടകര പാക്കയിൽ ജെ.ബി യു.പി സ്‌കൂളിലെ അധ്യാപികയായ പരാതിക്കാരി പി.എഫ് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് 2025 മാർച്ച് 28ന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ പേപ്പർ നീക്കുന്നതിനായാണ് പ്രധാനാധ്യാപകൻ അധ്യാപികയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്നാണ് അധ്യാപിക വിജിലൻസിനെ സമീപിച്ചത്.