കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്‌റി(20)ന്റെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി ചേവായൂർ പോലീസ്. സംഭവത്തിൽ ഒളിവിലായിരുന്ന ആൺസുഹൃത്ത് കോവൂരിലെ കാരക്കുന്നുമ്മേൽ അൽഫാൻ ഇബ്രാഹിമി(34)നെ വയനാട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത് സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് ചേവായൂർ പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും വിദ്യാർത്ഥിനിയുടെ കാണാതായ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം അടക്കം ചുമത്തിയതായും പോലീസ് പ്രതികരിച്ചു.
പ്രതിയിൽനിന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജറാക്കുമെന്നും പോലീസ് പറഞ്ഞു. വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹിതനായ കാര്യം ഈയിടെയാണ് പെൺകുട്ടി മനസ്സിലാക്കിയത്. തുടർന്ന് ബന്ധത്തിൽനിന്ന് പിൻമാറാൻ വിദ്യാർത്ഥിനി ശ്രമിച്ചപ്പോൾ യുവാവ് പിന്നാലെ കൂടി ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പെൺകുട്ടി സൗഹൃദം ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്തതോടെ പ്രതി വിദ്യാർത്ഥിനിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും മരിക്കുന്നതിന്റെ തലേദിവസം പൊതുസ്ഥലത്ത് വച്ച് മർദ്ദിച്ചതായും പോലീസ് പറഞ്ഞു. ശേഷം പെൺകുട്ടിയുടെ ഫോൺ പ്രതി ബലമായി എടുത്ത് കൊണ്ടുപോവുകയായിരുന്നു. എത്ര ചോദിച്ചിട്ടും ഫോൺ തിരികെ നൽകാൻ പ്രതി തയ്യാറായില്ലെന്നും ഇതാണ് പിറ്റേന്ന് കോളജിൽനിന്നും ഉച്ചയോടെ താമസസ്ഥലത്ത് എത്തി ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
ഫെബ്രുവരി 24-നാണ് തൃശൂർ സ്വദേശിനിയായ മൗസയെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ലാത്തതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു പോലീസ്. എന്നാൽ, സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കാണാതാവുകയും ആൺസുഹൃത്ത് അൻഫാൻ ഇബ്രാഹീം ഒളിവിലാകുകയും ചെയ്തതോടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് പിതാവ് അബ്ദുൽ റഷീദും കുടുംബാംഗങ്ങളും രംഗത്തെത്തുകയായിരുന്നു.
തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് വയനാട് വൈത്തിരിയിൽ നിന്ന് അൽഫാൻ ഇബ്രാഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ ഫെബ്രുവരി 15-നാണ് അവസാനമായി തൃശൂരിലെ വീട്ടിൽ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോരുകയും ചെയ്തു. മാർച്ച് 13ന് മുമ്പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, മരിച്ചതിന്റെ തലേദിവസം മൗസ ആൺസുഹൃത്തുമായി തർക്കമുണ്ടായതായും മൗസയുടെ ഫോൺ ഇയാൾ എടുത്തു കൊണ്ടുപോയതായും സഹപാഠികൾ മൊഴി നല്കിയിരുന്നു. മരിച്ച അന്നു മുതൽ മൗസയുടെയും ആൺസുഹൃത്തിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.