പാലക്കാട്– പാലക്കാട് ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരൻ സുഹാന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ. കുട്ടിയെ കണ്ടെത്താനായി പോലീസ്, ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നയത്തിയ 22 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലിനൊടുവിലാണ് ദാരുണമായ അന്ത്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സുഹാൻ. ആ സമയത്ത് വീട്ടിൽ മുത്തശ്ശിയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നെങ്കിലും കുട്ടി പുറത്തേക്ക് പോയ വിവരം സഹോദരനാണ് വീട്ടുകാരെ അറിയിച്ചത്.
ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിലെ സ്കൂൾ പരിസരങ്ങളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. വീടിന് 100 മീറ്റർ അകലെ കുട്ടിയെ കണ്ടതായി രണ്ട് സ്ത്രീകൾ മൊഴി നൽകിയിരുന്നെങ്കിലും അവിടെ നടത്തിയ തിരച്ചിലിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.



