തിരുവനന്തപുരം– ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരാണ് പദവികള്‍ പ്രഖ്യാപിച്ചത്. നാല് ജനറല്‍ സെക്രട്ടറിമാരും 10 വൈസ് പ്രസിഡന്റുമാരുമടങ്ങുന്നതാണ് ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുന്‍ ഡിജിപി ശ്രീലേഖയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജുമാണ്. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നും ശ്രദ്ധേയമാണ്.
സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ വി. മുരളീധര പക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലെത്തി ഒരു വിഭാഗം നേതാക്കളുടെ നിലപാടില്‍ ദേശീയ നേതൃത്വത്തെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ സഹകരണം കിട്ടുന്നില്ലെന്നും പരാതിപ്പെട്ടു. അതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ പട്ടികയില്‍ നിന്ന് മുരളീധര പക്ഷത്തെ മാറ്റി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.