റിയാദ്: നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കാനാകില്ലെന്നും പൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സർക്കാരിന് ഇനിയും മുന്നോട്ട് കുതിക്കാനുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശയപ്രതിബദ്ധത വേണം. കേഡര്‍മാര്‍ പ്രത്യയ ശാസ്ത്ര അവബോധമുള്ളവരാകണം. ഇടതുമുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരവിശ്വാസം വേണം. ചതിക്കാന്‍ പാടില്ല,” അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് പോലീസോ സിബിഐയോ അന്വേഷിച്ചാലും കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിനും ഉത്കണ്ഠക്കും പരിഹാരം വേണം. സര്‍ക്കാറും അങ്ങനെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മുനമ്പം വിഷയം ന്യായമായി പരിഹരിക്കും. വഖഫ്, ദേവസ്വം സ്ഥലങ്ങളില്‍ കാലാകാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ യുഡിഎഫ് വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷം വികസനവിഷയങ്ങളിലൂന്നിയാണ് പ്രചാരണം നടത്തിയതെന്ന് ഇടതു മുന്നണിക്കു വേണ്ടി മത്സരിച്ച സിപിഐ നേതാവ് സത്യന്‍ മെകേരി പറഞ്ഞു. വൈകാരികത ചലനമുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചത്. രാഹുലിന്റെ ഭൂരിപക്ഷമേ പ്രിയങ്കക്കും നേടാനായുള്ളൂ. അദ്ദേഹം പറഞ്ഞു. റിയാദില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ സര്‍ഗ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനോയ് വിശ്വവും സത്യന്‍ മൊകേരിയും. ബിനോയ് വിശ്വം,സത്യൻ മൊകേരി, ജോസഫ് അതിരുങ്കൽ, ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി പ്രസിഡന്റ് അഷ്റഫ് മൂവാറ്റുപുഴ, സെക്രട്ടറി വിനോദ് കൃഷ്ണ, എം സാലി ആലുവ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.