- മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തിയത്. പിന്നീട് സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് വിവരം
കൊച്ചി: കൊച്ചിയിൽ അന്തർ സംസ്ഥാന ബന്ധമുള്ള വൻ സെക്സ് റാക്കറ്റ് സംഘത്തിലെ മൂന്നുപേർ പിടിയിൽ. 20-കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ കൊച്ചി എളമക്കരയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘമാണ് പിടിയിലായത്.
ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ പെൺവാണിഭ സംഘം ഇരുപതിലേറെ പേർക്ക് കാഴ്ചവെച്ചതായാണ് വിവരം. പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചതായി കരുതുന്ന രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
സെക്സ് റാക്കറ്റിലെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പോലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് പ്രതികളെന്നാണ് കരുതുന്നത്.
മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തിയത്. പിന്നീട് പെൺകുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവത്രെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായതായാണ് റിപോർട്ട്. പെൺകുട്ടിയെയും പ്രതികളെയും കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയെ വനിതാ പോലീസ് സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.