കൊച്ചി: റെക്കോർഡുകൾ ഭേദിച്ചുള്ള മുന്നേറ്റത്തിനിടെ സ്വർണത്തിന് സംസ്ഥാനത്ത് വൻ വില ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി വില.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.
കേന്ദ്രസർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വർണവില പവന് 4,000 രൂപയോളം ഇടിഞ്ഞിരുന്നു. അതിനുശേഷം ഒറ്റദിവസം ആയിരത്തിലധികം രൂപ കുറയുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. ഒക്ടോബർ 18ന് ശേഷം സംസ്ഥാനത്ത് പവൻവില 58,000 രൂപയ്ക്ക് താഴെയെത്തിയതും ആദ്യം. ഒക്ടോബർ 31-ന് പവന് 59,640 രൂപയായതാണ് കേരളത്തിലെ സ്വർണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
ഓഹരി വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണ വിലയിടിവ് പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും യു.എസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും രാജ്യാന്തര തലത്തിൽ സ്വർണവില താഴാൻ പ്രധാന വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.
ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണം വാങ്ങൽ ചെലവേറിയതും ക്രിപ്‌റ്റോ കറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതും സ്വർണവിലയെ സ്വാധീനിച്ചു. ക്രിപ്‌റ്റോ, ഡോളർ, ബോണ്ട്, യു.എസ് ഓഹരി വിപണി എന്നിവയുടെ മുന്നേറ്റം സ്വർണനിക്ഷേപങ്ങളുടെ തിളക്കം കെടുത്തിയെന്നാണ് റിപോർട്ടുകൾ. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില 76,000 ഡോളർ എന്ന സർവകാല റെക്കോർഡ് തകർത്ത് കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.