മാഡ്രിഡ്: ഇസ്രായിൽ സർക്കാരുമായുള്ള സ്ഥാപനപരമായ ബന്ധം വിച്ഛേദിക്കാനും, അന്താരാഷ്ട്ര നിയമം മാനിക്കപ്പെടുകയും ഫലസ്തീൻ ജനതയുടെ മൗലികാവകാശങ്ങൾ ഉറപ്പാക്കപ്പെടുകയും ചെയ്യുന്നതുവരെ തെൽഅവീവ് നഗരവുമായുള്ള സൗഹൃദ കരാർ താൽക്കാലികമായി നിർത്തിവെക്കാനും ബാഴ്‌സലോണ സിറ്റി കൗൺസിൽ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഇരുപതു വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തെ സിറ്റി കൗൺസിലിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതുപക്ഷ, സ്വാതന്ത്ര്യ അനുകൂല പാർട്ടികളും പിന്തുണച്ചു.
നിലവിലെ ഇസ്രായിലി സർക്കാരുമായുള്ള സ്ഥാപനപരമായ ബന്ധം വിച്ഛേദിക്കാനും 1998 സെപ്റ്റംബർ 24 ന് കാറ്റലോണിയൻ തലസ്ഥാനവും തെൽഅവീവ്ജാഫയും തമ്മിൽ ഒപ്പുവെച്ച സൗഹൃദ കരാർ താൽക്കാലികമായി നിർത്തിവെക്കാനും പ്രമേയം വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ ഒന്നര വർഷമായി ഗാസയിൽ കണ്ട കഷ്ടപ്പാടുകളുടെയും മരണങ്ങളുടെയും തോതും സമീപ ആഴ്ചകളിൽ ഇസ്രായിൽ സർക്കാർ ആരംഭിച്ച ആവർത്തിച്ചുള്ള ആക്രമണങ്ങളും രണ്ട് നഗരങ്ങൾ തമ്മിലുള്ള ഏതൊരു ബന്ധവും സുസ്ഥിരമല്ലാതാക്കുന്നതായി ബാഴ്‌സലോണയുടെ സോഷ്യലിസ്റ്റ് മേയർ ജൗം കോൾബോൺ പറഞ്ഞു. ഇസ്രായിൽ സർക്കാർ പവലിയനുകളും വംശഹത്യ, അധിനിവേശം, വർണവിവേചനം, ഫലസ്തീൻ ജനതക്കെതിരായ കൊളോണിയലിസം എന്നിവയിൽ നിന്ന് ലാഭം നേടുന്ന ആയുധ കമ്പനികളുടെയും മറ്റേതെങ്കിലും വകുപ്പുകളുടെയും പവലിയനുകളും സംഘടിപ്പിക്കരുതെന്ന് ബാഴ്‌സലോണ എക്‌സ്‌പോ ഡയറക്ടർ ബോർഡിനോട് പ്രമേയം ആവശ്യപ്പെട്ടു. ഇസ്രായിലിലേക്കുള്ള ആയുധ കൈമാറ്റത്തിൽ ഉൾപ്പെട്ട കപ്പലുകൾ ബാഴ്‌സലോണ തുറമുഖത്ത് സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന സമാനമായ ഒരു ശുപാർശയും സിറ്റി കൗൺസിൽ പരിഗണിക്കുന്നുണ്ട്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരുമായുള്ള ബന്ധം ബാഴ്‌സലോണ നിർത്തിവെക്കുന്നത് ഇതാദ്യമല്ല. 2023 ഫെബ്രുവരിയിൽ മുൻ മേയറും സാമൂഹിക പ്രവർത്തകയുമായ അഡാ കൊളാവു ഇസ്രായിലുമായുള്ള ബന്ധവും തെൽഅവീവ് മുനിസിപ്പാലിറ്റിയുമായുള്ള ഇരട്ട കരാറുകളും താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ജൗം കോൾബോൺ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തീരുമാനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പാനിഷ് സോഷ്യലിസ്റ്റ് സർക്കാർ 2024 മെയ് 28 ന് അയർലൻഡ്, നോർവേ എന്നിവക്കൊപ്പം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. സമീപ മാസങ്ങളിൽ യൂറോപ്യൻ യൂനിയനുള്ളിൽ നെതന്യാഹു സർക്കാരിനെ ഏറ്റവും ശക്തമായി വിമർശിക്കുന്നവരിൽ ഒരാളാണ് പെഡ്രോ സാഞ്ചസ്.