കണ്ണൂർ – കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്. ക്രമക്കേട് കണ്ടെത്തിയതോടെ ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.
ഇരിട്ടി അയ്യൻകുന്നിലെ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടന്നത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്‌പ എടുത്താണ് തട്ടിപ്പ് നടത്തിയത്. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ്പരാതി. 2018 മുതലാണ് തട്ടിപ്പിന്റെ തുടക്കം. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ അമ്പതിനായിരം രൂപ വരെ വായ്പ എടുത്തായിരുന്നു തട്ടിപ്പ്.
156 അംഗങ്ങളുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തത്. പലരും ബാങ്കിലെത്തി നേരിട്ട് അന്വേഷിച്ചതോടെയാണ് സ്വന്തം പേരിലുള്ള വായ്പയെകുറിച്ച് അറിയുന്നത്. തെറ്റായ വിലാസത്തിലും പലരുടെയും പേരിൽ വായ്പയെടുത്തു. കള്ളിവെളിച്ചത്തായതോടെ എല്ലാം സെക്രട്ടറിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഭരണസമിതിയുടെ നീക്കം.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്കെതിരെ തട്ടിപ്പിനിരയായവർ പോലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.