മക്ക: പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
പുണ്യസ്ഥലങ്ങളിൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കുന്ന കാരണങ്ങൾ കുറക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ദുൽഹജ് ഒന്ന് രാവിലെ മുതൽ നിരോധനം ആരംഭിച്ചു.
പുണ്യസ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നില്ലെന്ന് ഫീൽഡ് പരിശോധനകളിലൂടെ സിവിൽ ഡിഫൻസ് സംഘങ്ങൾ നിരീക്ഷിക്കും. പരിശോധനകൾക്കിടെ കണ്ടെത്തുന്ന സിലിണ്ടറുകളും ഗ്യാസ് ഉപയോഗിക്കുന്ന സ്റ്റൗകളും മറ്റും പിടിച്ചെടുത്ത് നിയമലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.