അടൂർ– തനിക്കെതിരെ ഉയർന്നു വന്ന ലൈംഗികാതിക്രമ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. ഗുരുതര ആരാപണങ്ങൾക്കൊന്നും മറുപടി പറയാതെയായിരുന്നു രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്.
തന്റെ കാരണത്താൽ കോൺഗ്രസ് പാർട്ടിയോ പ്രവർത്തകരോ പ്രതിസന്ധി നേരിടേണ്ടിവരാൻ ആഗ്രഹിക്കുന്നില്ലെന്ന് അടൂരിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി. “എന്റെ കാരണത്താൽ ആരും തലകുനിക്കേണ്ട. പാർട്ടി പ്രതിസന്ധിയിലാകരുത്,” എന്നും അദ്ദേഹം പറഞ്ഞു. യുവതികളുടെ ആരോപണങ്ങളെ തുടർന്ന് രാഹുലിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയാണ് മാധ്യമങ്ങളെ കണ്ടത്.
തന്നെ കേൾക്കുന്നില്ല എന്നും രാഹുൽ പരാതി പറഞ്ഞു. തന്റെ ഭാഗവും എല്ലാവരും കേൾക്കാൻ തയ്യാറാവണം. രാഹുൽ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച ട്രാൻസ് വനിത അവന്തികയെക്കുറിച്ച് സംസാരിച്ചാണ് രാഹുൽ സമ്മേളനം ആരംഭിച്ചത്. തന്റെ പേര് ഉപയോഗിച്ച് അവന്തിക മോശം സന്ദേശങ്ങൾ അയച്ചുവെന്നാണ് ആരോപണം. എന്നാൽ, ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക തന്നെ വിളിച്ച് തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു. ആഗസ്റ്റ് 1-ന് അവന്തികയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ രാഹുൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പുറത്തുവിട്ടു. ഒരു ചാനൽ മാധ്യമപ്രവർത്തകനും അവന്തികയും തമ്മിലുള്ള സംഭാഷണമാണ് പങ്കുവെച്ചത്, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ സംഭവം സ്ഥാപിക്കാൻ ശ്രമിച്ചത്.
എന്നാൽ രാഹുലിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടിയില്ലായിരുന്നു. ഇതുവരെ പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ, ചാറ്റുകൾ എന്നിവക്കെതിരെയൊന്നും മറുപടി ഉണ്ടായില്ല