തിരുവനന്തപുരം: ദലിത് യുവതിയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച കേസില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെ സസ്പെന്‍ഡ് ചെയ്തു. ജിഡി ചാര്‍ജ് വഹിച്ചിരുന്ന പ്രസന്നന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പൊലീസ് കമ്മിഷണര്‍ തോംസന്‍ ജോസ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, ഇതേ കേസില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ എസ്.ജെ.പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
കന്റോണ്‍മെന്റ് എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍, എഎസ്‌ഐ പ്രസന്നന്റെ ഭാഗത്തുനിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടായതായി വ്യക്തമാക്കുന്നു. പ്രസന്നനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ശംഖുമുഖം എസിപിക്കാണ് അന്വേഷണ ചുമതല. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ബിന്ദുവിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ചില സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷിന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
”പ്രസന്നന്‍ ആണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്. അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ നീതിയുടെ ആദ്യപടിയാണ്. ഇനിയും ഒരാള്‍ ശിക്ഷിക്കപ്പെടാനുണ്ട്. നീതി ലഭിക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകും,” ബിന്ദു പ്രതികരിച്ചു.
പനവൂര്‍ പനയമുട്ടം സ്വദേശിനിയും വീട്ടുജോലിക്കാരിയുമായ ആര്‍. ബിന്ദുവിനെതിരെ മോഷണ ആരോപണവുമായി പരാതി നല്‍കിയത് അമ്പലമുക്ക് സ്വദേശിനി ഓമന ഡാനിയലാണ്. ബിന്ദുവിനെ ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ അനധികൃതമായി കസ്റ്റഡിയില്‍ വച്ച് ക്രൂരമായി ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ ഇത് തുടര്‍ന്നു.