കൊച്ചി- പി.വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം. കോൺഗ്രസ് ഹൈക്കമാന്റ് ഉടൻ ആര്യാടൻ ഷൗക്കത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലമ്പൂരിൽ പരിഗണിക്കേണ്ട പേരിൽ ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമാണ് നൽകിയത്. നേരത്തെ വി.എസ് ജോയിയും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ ആലോചനക്കൊടുവിൽ ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് വരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആരു വന്നാലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഇന്നലെ പി.വി അൻവർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ നിലമ്പൂരിൽ വി.എസ് ജോയിയെ പരിഗണിക്കണമെന്നും ഇല്ലെങ്കിൽ താൻ തന്റെ വഴി സ്വീകരിക്കുമെന്നും പി.വി അൻവർ പറഞ്ഞു. ഇതോടെ നിലമ്പൂരിൽ യു.ഡി.എഫ് സമ്മർദ്ദത്തിലായി. തുടർന്ന് കോൺഗ്രസ് നേതൃത്വം കൊച്ചിയിൽ അടിയന്തിരമായി യോഗം ചേർന്നു. നേരത്തെ തീരുമാനിച്ചത് പ്രകാരം ആര്യാടൻ ഷൗക്കത്തിനെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. അൻവർ പുറത്തെടുക്കുന്നത് സമ്മർദ്ദതന്ത്രമാണെന്നും അതിന് വഴങ്ങേണ്ടെന്നും കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് വൈകിട്ട് ആറിന് അൻവർ വീണ്ടും പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അൻവർ എന്ത് തീരുമാനം എടുക്കും എന്ന കാര്യവും ശ്രദ്ധേയമാണ്. നിലമ്പൂരിൽ മത്സരിക്കാൻ അൻവറിന് ടി.എം.സി അംഗീകാരം നൽകിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാന്റാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്ന് ആരു സ്ഥാനാർത്ഥിയായാലും അംഗീകരിക്കുമെന്നും മുസ്ലിം ലീഗും അറിയിച്ചു.