മദീന – വിശുദ്ധ റമദാനിലെ അവസാന പത്തില്‍ മസ്ജിദുന്നബവിയില്‍ ഭജനമിരിക്കുന്നത് (ഇഅ്തികാഫ്) 4,700 പേര്‍. ഇഅ്തികാഫിന് നീക്കിവെച്ച സ്ഥലങ്ങളുടെ ശേഷിക്കനുസരിച്ച്, ‘സാഇറൂന്‍’ ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് ഇഅ്തികാഫിന് സജ്ജീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഭാഗത്ത് ആറാം നമ്പര്‍ എസ്‌കലേറ്ററും പത്താം നമ്പര്‍ ഗോവണിയും വഴിയാണ് പ്രവേശിക്കേണ്ടത്. വനിതകളുടെ ഭാഗത്തേക്ക് പ്രവേശിക്കാന്‍ 24, 25 നമ്പര്‍ ഗെയ്റ്റുകള്‍ നീക്കിവെച്ചിരിക്കുന്നു.
ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും പരിചരണങ്ങളും ഹറം പരിചരണ വകുപ്പ് നല്‍കുന്നു. ഇവര്‍ക്ക് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വ്യക്തിഗത വസ്തുക്കള്‍ സൂക്ഷിക്കാന്‍ അലമാരകളും അനുവദിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഭജനമിരിക്കുന്നവര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ക്ലിനിക്കും ഒരുക്കിയിട്ടുണ്ട്. ഇഅ്തികാഫിന് നീക്കിവെച്ച സ്ഥലങ്ങളിലേക്ക് വേഗത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും നീക്കങ്ങള്‍ എളുപ്പമാക്കാനും സേവനങ്ങള്‍ എളുപ്പത്തില്‍ നേടാനും വിശ്വാസികളെ പ്രാപ്തരാക്കുന്നതിന് ഓരോരുത്തര്‍ക്കും പ്രത്യേക സ്മാര്‍ട്ട് വളകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group