കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ(32)ന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽനിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
അർജുൻ ഏറെ ആഗ്രഹിച്ച് നിർമിച്ച വീടിന് സമീപം ഒരുക്കിയ ചിതയിലാണ് മൃതദേഹം സംസ്‌കരിച്ചത്. അർജുന്റെ സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ, അർജുന്റെ ലോറിയുടമ മനാഫ്, മന്ത്രിമാരായ കെ.ബി ഗണേഷ് കുമാർ, എ.കെ ശശീന്ദ്രൻ, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എമാരായ കെ.കെ രമ, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻദേവ്, ലിന്റോ ജോസഫ് അടക്കം ഒട്ടേറെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാനെത്തി.
അർജുന്റെ മൃതദേഹത്തിന് തൊട്ടരികിൽ ഭാര്യയും സഹോദരിയും അച്ഛനുമടക്കമുള്ളവർ നിറകണ്ണുകളോടെ നിന്നു. 11 മണിവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചത്. എന്നാൽ ജനപ്രവാഹത്തിന്റെ ഒഴുക്ക് തുടർന്നതോടെ പൊതുദർശനം നീളുകയായിരുന്നു. അർജുന്റെ മകൻ അയാനെ അവസാന നിമിഷം സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ഭാഗത്തേയ്ക്ക് കൊണ്ടുവന്നിരുന്നു. നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ നനയിച്ചു.
കർണാടകയിൽനിന്നും ഇന്നലെ വൈകീട്ട് പുറപ്പെട്ട മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ഇന്ന് രാവിലെ ആറരയോടെയാണ് കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂരിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എ.കെ ശശീന്ദ്രൻ, കോഴിക്കോട് ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ ചേർന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
വീട്ടിൽനിന്നും ലോറിയിൽ കർണാടകയിലേക്കു പുറപ്പെട്ട് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കാണാതായി 72-ാം ദിവസമാണ് കണ്ടെത്തിയത്. ശേഷം ഡി.എൻ.എ പരിശോധനയ്ക്ക് പിന്നാലെ ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ചേതനയറ്റ നിലയിൽ മൃതേദഹം ഇന്ന് വീട്ടിലേക്ക് തിരിച്ചെത്തിച്ചപ്പോൾ അത് വല്ലാത്തൊരു വൈകാരിക നിമിഷമാണുണ്ടാക്കിയത്.
അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ നൽകിയ അഞ്ചുലക്ഷം രൂപ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയെ ഏൽപ്പിച്ചു. ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങളും കുടംബത്തെ ഏൽപ്പിച്ചിട്ടുണ്ട്.