അങ്കോള (ഉത്തര കർണ്ണാടക): അർജുനെ തിരയുന്നതിന് നാവിക സേനക്ക് തടസ്സമാകുന്നത് ഗംഗാവലി പുഴയിലെ കലക്കവെള്ളം. ഷിരൂരിൽ മൂന്ന് തവണയായി നടന്ന മലയിടിച്ചിലിൽ മണ്ണും പാറക്കഷണങ്ങളും ഒഴുകിയെത്തി പതിച്ചത് ഗംഗാവലി പുഴയിലാണ്. ടൺ കണക്കിന് ചെമ്മണ്ണും ചേടി കലർന്ന ചെളിയും പതിച്ചതോടെ പുഴയുടെ നിറം മാറി. കിലോമീറ്ററുകൾ ദൂരത്തിൽ മണ്ണ് വീണതിനാൽ എട്ട് ദിവസമായിട്ടും പുഴയിലെ വെള്ളം തെളിഞ്ഞിട്ടില്ല.
കാർവാർ നേവൽ ബേസിൽ നിന്നുള്ള രണ്ട് യൂണിറ്റ് വിദഗ്ധ സംഘം ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന് എത്തിയിട്ടുണ്ട്. എന്നാൽ കലക്കവെള്ളം കാരണം ഒന്നും ലൊക്കേറ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് കമാന്റർ അതുൽ പിള്ള പറഞ്ഞു.
മികച്ച സ്കൂബ ഡൈവേഴ്സും അത്യാധുനിക സംവിധാനങ്ങളും ഷിരൂരിൽ ഉണ്ടെങ്കിലും കലക്കവെള്ളവും അടിയൊക്കും തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നു. വെള്ളത്തിനടിയിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന സോണാർ സിസ്റ്റം ഇവരുടെ കൈയിലുണ്ട്. ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്ത് ഡൈവേഴ്സ് വെള്ളത്തിൽ ഇറങ്ങിയിട്ടും അടിഭാഗത്തെ ദൃശ്യങ്ങൾ ഒന്നും വ്യക്തമാകാത്തതിനാൽ തിരിച്ചു കയറി.
അതിനിടെ അർജുനെ കാണാതായ വിവരവും തിരച്ചിലിന് എത്തേണ്ട വിവരവും അടങ്ങുന്ന കത്ത് ഉത്തര കന്നഡ ജില്ലാ ഭരണകൂടം നേവിക്ക് നൽകുന്നത് 19 ന് ആയിരുന്നു എന്ന് അറിവായി. 16 ന് രാവിലെ 8.45 ന് ദുരന്തം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് അർജുനെ തിരയാൻ സർക്കാർ നേവിയുടെ സഹായം തേടിയതെന്ന് വ്യക്തം.16ന് ടാങ്കർ ലോറി കാണാതായെന്നും 17 ന് വാഹനങ്ങൾ കാണാതായെന്നും മാത്രമാണ് നേവിയെ ധരിപ്പിച്ചത്. 19 ന് അർജുനെയും ലോറിയെയും തിരയാനാണ് രണ്ട് വിദഗ്ധ ഗ്രൂപ്പിനെ അയച്ചതെന്നും കമാന്റർ അതുൽ പിള്ള പറയുന്നു. ഗംഗാവലി പുഴ കടലിൽ ചേരുന്ന ഏഴ് കിലോമീറ്റർ അകലെയുള്ള അഴിമുഖം കേന്ദ്രീകരിച്ചും നാവിക സേന ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.