പാലക്കാട്– സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജൂലൈ 25 മുതല്‍ പ്രത്യേകസംഘം അടിയന്തര ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടായിരിക്കും സ്‌കൂളുകളില്‍ പരിശോധന നടത്തുക. ജൂലൈ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കും. ഡി.ഡി, ആര്‍.ഡി.ഡി, എ.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം കോഓര്‍ഡിനേറ്റര്‍, ബി.ആര്‍.സി ഉദ്യോഗസ്ഥന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിങ്ങനെ ഏഴു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ഓരോ ജില്ലകളിലും നിരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുക. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യര്‍ഥി മിഥുന്‍ സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ സ്‌കൂളുകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്.
ഞായറാഴ്ച ആലപ്പുഴ കാര്‍ത്തിപ്പള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര കാറ്റിലും മഴയത്തും ഭാഗികമായി തകര്‍ന്നിരുന്നത് ഭീതി പരത്തി. അവധി ദിനമായതിനാല്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും തലേ ദിവസം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നതായി രക്ഷിതാക്കള്‍ ആരോപിച്ചു. ഇതിനു പുറമെ വെള്ളിയാഴ്ച പത്തനംതിട്ട കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നു വീണിരുന്നു. കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടിന് സമീപത്തുണ്ടായിരുന്ന ഉപയോഗിക്കാത്ത പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. സംസ്ഥാനത്തെ ഫിറ്റ്‌നസില്ലാത്ത സ്‌കൂളുകള്‍ എത്രയാണെന്ന കൃത്യമായ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലില്ലാത്തതും കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിര ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 12ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ സംസ്ഥാന സേഫ്റ്റി ഓഡിറ്റ് സ്റ്റിയറിങ് കമ്മിറ്റി ചേരും.