പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്റെ പതിനഞ്ചാമത്തെ വയസിൽ എന്നെ കെട്ടിപ്പിടിച്ചപ്പോഴാണ് ഞാനൊരു മനുഷ്യനാണെന്ന് എനിക്ക് ബോധ്യമായത്. മുസ്ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണൻ പലപ്പോഴായി പറയാറുള്ള വാചകമായിരുന്നു ഇത്. രോഗം ബാധിച്ച് ഇന്ന് ഉണ്ണികൃഷ്ണൻ വിടവാങ്ങുമ്പോൾ പലരും ഓർത്തെടുക്കുന്നതും ഉണ്ണികൃഷ്ണന്റെ ഈ വാക്കുകളാണ്.
പാണക്കാട് തങ്ങൾ എന്നെ കെട്ടിപ്പിടിച്ചപ്പോഴാണ് ഞാനൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നിയത്..
പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു അന്ന് എ.പി ഉണ്ണികൃഷ്ണൻ എത്തിയത്. തങ്ങളേ, ഇതാണ് ഉണ്ണികൃഷ്ണനെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോൾ ശിഹാബ് തങ്ങൾ കസേരയിൽനിന്നെഴുന്നേറ്റു. ഉണ്ണിയെ കെട്ടിപ്പിടിച്ചു. പാണക്കാട് തങ്ങൾ കെട്ടിപ്പിടിച്ചപ്പോഴാണ് ഞാനൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നിയത്.
നന്നായി പഠിക്കണമെന്ന് തങ്ങൾ പറഞ്ഞു. ഉന്നതിയിലെത്തണമെന്ന് ഉപദേശിച്ചു.
ഉണ്ണികൃഷ്ണന്റെ വീട്ടിലെ ചുവരിൽ ഏതു കാലത്തും പാണക്കാട് തങ്ങളുടെ ചിത്രമുണ്ടാകും. ഉണ്ണികൃഷ്ണന് പാണക്കാട് കുടുംബം എല്ലാമെല്ലാമായിരുന്നു. ആഘോഷങ്ങളിൽ പാണക്കാട് തറവാട്ടിൽ ഉണ്ണികൃഷ്ണനുണ്ടാകും. ഉണ്ണികൃഷ്ണന്റെ വീട്ടിലെ ആഘോഷത്തിൽ പാണക്കാട്ടുനിന്നുള്ളവരുമുണ്ടാകും.
ഓണക്കുലയുമായി കോവിഡ് കാലത്ത് പോലും വീട്ടിലെത്തിയ ഉണ്ണിക്ക് സമ്മാനമായി നൽകാൻ മേന്മയുള്ള ഷർട്ട് വാങ്ങി സൂക്ഷിച്ചു വെച്ചിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറത്തെ മതവേദികളിലും നിറസാന്നിധ്യമായി ഉണ്ണികൃഷ്ണനുണ്ടാകുമായിരുന്നു. മുസ്ലിം പള്ളികളിലെ നേർച്ചകളിലും ഉറൂസുകളിലും മുടങ്ങാതെ പങ്കെടുത്തു. മമ്പുറം നേർച്ചയിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു ഉണ്ണികൃഷ്ണൻ. മമ്പുറം നേർച്ചയുടെ ചോറ് കൊണ്ടുപോയി ഒരു മരുന്നു പോലെ ഉണക്കി സൂക്ഷിക്കുമായിരുന്നു. കൊടിഞ്ഞി പള്ളിയിൽ നടക്കുന്ന പല മത ചടങ്ങുകളിലും ഒരു വീട്ടുകാരനെ പോലെ അദ്ദേഹം പങ്കെടുത്തു.
മറ്റൊരിക്കൽ ഉണ്ണികൃഷ്ണൻ പാണക്കാട്ടെത്തി. പാണക്കാട്ടെ കാര്യക്കാരൻ അലവികാക്ക അവിടെയുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ വന്നിട്ടുണ്ടെന്ന് അലവികാക്ക ഉച്ഛത്തിൽ വിളിച്ചുപറഞ്ഞു. ഉണ്ണികൃഷ്ണന് ചായ കൊടുക്ക്. അവിടെ ഇരിക്കാൻ പറയൂവെന്ന് ശിഹാബ് തങ്ങളുടെ മറുപടി.
ചായ കുടിച്ച ശേഷം മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി ഉണ്ണികൃഷ്ണൻ അവിടെനിന്നിറങ്ങി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ജില്ലാ ലീഗ് ഓഫീസിലേക്ക് ശിഹാബ് തങ്ങളുടെ ഫോൺ. ഉണ്ണിയെ അന്വേഷിച്ചാണ്.
വേഗം പാണക്കാട്ടേക്ക് തിരിച്ചുവരാൻ തങ്ങൾ പറഞ്ഞു. അവിടെ ഡൈനിംഗ് ഹാളിലേക്ക് ഉണ്ണിയെയുമായി തങ്ങൾ നടന്നുപോയി. ശിഹാബ് തങ്ങൾ ഇരുന്നു. ഉണ്ണികൃഷ്ണനോടും ഇരിക്കാൻ പറഞ്ഞു. ആവശ്യമുള്ളതൊക്കെ എടുത്തു കഴിക്കാൻ പറഞ്ഞു.
ഭക്ഷണത്തിന് മുന്നിലിരുന്നു ഉണ്ണികൃഷ്ണന്റെ കണ്ണുനിറഞ്ഞു. ഇതേസംബന്ധിച്ച് ഉണ്ണി പറഞ്ഞത് ഇങ്ങിനെയാണ്.
ഇങ്ങിനെ ഒരു ജീവിതം എനിക്ക് കിട്ടിയിട്ടില്ല. ആട്ടും തുപ്പും അയിത്തവും ചാണകം തളിക്കലുമൊക്കെ കണ്ടുപഠിച്ച ജീവിതമായിരുന്നു എന്റേത്.
ശിഹാബ് തങ്ങളിട്ടുതന്ന ഒരു കോരി ചോറിന്റെ മുന്നിലിരുന്നു ഉണ്ണിക്കൃഷ്ണൻ കരഞ്ഞു.
മുസ്ലിം ലീഗിനോടുള്ള ചരിത്ര നിയോഗം പ്രസംഗിച്ചും പ്രവർത്തിച്ചും ഇടപെട്ടും വളരെ ഭംഗിയായി അടയാളപ്പെടുത്തിയാണ് ഉണ്ണി കൃഷ്ണൻ വിടവാങ്ങുന്നതെന്നാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണനെ അനുസ്മരിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധി ആയിട്ട് മാത്രമല്ല മുസ്ലിം ലീഗ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായിട്ട് തന്നെയാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്. മുഴുവൻ ലീഗ് പ്രവർത്തകർക്കും പേര് പറയാതെ പരിചയപ്പെടുത്തി കൊടുക്കാതെ തിരിച്ചറിയുന്ന നേതാക്കളിൽ ഒരാൾ.
ആ പദവികളിൽ അഭിരമിക്കുന്നതിനേക്കാൾ പാണക്കാട് കുടുബത്തിന്റെ ഇഷ്ടക്കാരനായി അറിയപ്പെടാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. ആ കൂറ് മറയേതുമില്ലാതെ പ്രകടിപ്പിക്കാനും ഉണ്ണി മടി കാണിച്ചില്ല. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, ഹൈദരലി തങ്ങളും ഇപ്പൊ സാദിഖലി തങ്ങളും ഉണ്ണിയെ സ്നേഹ വാത്സല്യങ്ങളോടെ ചേർത്ത് പിടിച്ചു. പാണക്കാട് കുടുബത്തിലുള്ള എല്ലാവർക്കും ഉണ്ണി പ്രിയങ്കരനായിരുന്നു. ആ സ്നേഹ രസങ്ങൾ മതേതര സമൂഹം നന്നായി ആസ്വദിച്ചു. കേരളീയ പൊതു സമൂഹത്തിന്റെ സാമൂഹിക പരിസരങ്ങളിൽ ആ ഫ്രെയിമുകൾ സൃഷ്‌ടിച്ച കൺകുളിർമ ചെറിയ കാര്യമല്ല. ആ അർത്ഥത്തിൽ വലിയൊരു സാമൂഹിക ധൗത്യം ഒരു നിയോഗമെന്നോണം നിർവ്വഹിച്ചു കൊണ്ടാണ് ഉണ്ണികൃഷ്ണൻ മടങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണന് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. മുസ്ലിം ലീഗിന്റെ പച്ചപ്പതാകയും പുതപ്പിച്ച് കിടത്തിയ ചേതനയറ്റ ശരീരത്തിന് മുന്നിൽ പാണക്കാട് കുടുംബത്തിലെ എല്ലാവരും ഇന്നെത്തിയിരുന്നു. മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ പോരാളിക്ക് വിടനൽകാൻ…