കോഴിക്കോട്– വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരിൽ മികച്ച വിജയം കൈവരിക്കുമെന്നും എംഎൽഎ ആയി സഭയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ അൻവർ മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി അടക്കമുള്ള പ്രമുഖരെ നേരിൽ കണ്ട് പിന്തുണ തേടിക്കൊണ്ട് അനൗപചാരിക പ്രചാരണത്തിന് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ശക്തനായ ഒരു പോരാളിയെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് വിജയിച്ചതെങ്കിലും, തുടർന്നുവന്ന ലോക്സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഭരണവിരുദ്ധ വികാരം ശക്തമായാൽ അത് വോട്ടായി മാറ്റാൻ അൻവറിന്റെ സാന്നിധ്യം സഹായിക്കുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. പിണറായി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ അൻവറിനെ മുൻനിർത്തി ജനവികാരം അനുകൂലമാക്കാമെന്നും അതുവഴി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ബേപ്പൂർ പിടിച്ചെടുക്കാമെന്നുമാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്.



