കല്‍പറ്റ- സി.പിഐ ദേശീയ സമിതിയംഗം ആനി രാജ എൽഡിഎഫിനു വേണ്ടി ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യു.ഡി.എഫുമായി കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായതോടെ ഇടതു ക്യാമ്പില്‍ ആവേശം. മുഖ്യ എതിരാളി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ആണെങ്കില്‍ പോലും ആനി രാജയെ മുന്നില്‍ നിര്‍ത്തി പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ഇടതുപാര്‍ട്ടി നേതാക്കള്‍.
കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.ഐയിലെ പി.പി.സുനീറിനെ തറപറ്റിച്ച മണ്ഡലമാണ് വയനാട്. മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ജനവിധി തേടുമോ എന്നതില്‍ ഇനിയും വ്യക്തതയായില്ല. വയനാട്ടില്‍ എന്‍.ഡി.എയ്ക്കുവേണ്ടി ബി.ജെ.പി സ്ഥാനാര്‍ഥിയാണ് കളത്തില്‍ ഇറങ്ങുക. കോണ്‍ഗ്രസിനുവേണ്ടി രാഹുലാണ് മത്സരിക്കുന്നതെങ്കില്‍ പാര്‍ട്ടിയിലെ കരുത്തരില്‍ ഒരാളെ ബി.ജെ.പി രംഗത്തിറക്കും. സ്ഥാനാര്‍ഥി നിര്‍ണയം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കുവേണ്ടി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. ഇത്തവണ കോട്ടയത്താണ് ബി.ഡി.ജെ.എസ് ജനവിധി തേടുക.
വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരായാലും ഒത്ത പോരിനു ചേര്‍ന്ന നേതാവിനെയാണ് എല്‍.ഡി.എഫിനു ലഭിച്ചത്. കണ്ണൂരിന്റെ മണ്ണില്‍ സി.പി.ഐയുടെ വിദ്യാര്‍ഥി, വനിതാ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയം പഠിച്ച നേതാവാണ് ആനി രാജ. കണ്ണൂര്‍ ഇരിട്ടി ആറളം വട്ടപ്പറമ്പില്‍ തോമസ്-മറിയ ദമ്പതികളുടെ മകളാണ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജായുടെ ജീവിതസഖിയായ ആനി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍(എന്‍.എഫ്.ഐ.ഡബ്ല്യു)ദേശീയ സെക്രട്ടറിയായ ആനി രാജ സി.പി.ഐ ദേശീയ സമിതിയംഗവുമാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ മടിക്കാത്ത ആനി രാജ വയനാടിനു അപരിചിതയുമല്ല.
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തില്‍ പ്രമുഖസ്ഥാനത്തുള്ള വനിതയാണ് ആനി രാജായെന്ന് എല്‍.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനറും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. മത നിരപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന അവര്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലാണ്. മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആനി രാജയ്ക്കു വലിയ സ്വീകാര്യതയാണുള്ളത്. വനിതാ സ്ഥാനാര്‍ഥി എന്നത് മറ്റൊരു സവിശേഷതയാണ്. വര്‍ഗീയ ശക്തികളില്‍നിന്നു രാജ്യത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ പ്രസ്ഥാനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആനി രാജ വയനാട്ടില്‍ മത്സരിക്കുന്നത്. അവരുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അടുത്ത പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദം ആനി രാജയിലൂടെയാണ് മുഴങ്ങുകയെന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പറഞ്ഞു. ദേശീയതലത്തില്‍ ശ്രദ്ധേയയായ വനിത സ്ഥാനാര്‍ഥിയായി എത്തുന്നതിനെ മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു സി.പി.ഐ സംസ്ഥാന സമിതിയംഗം വിജയന്‍ ചെറുകര പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി രണ്ടാമതും മത്സരിക്കുന്നില്ലെങ്കില്‍ ആനി രാജ യു.ഡി.എഫിനു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
മണ്ഡലത്തില്‍ 2009ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ.ഷാനവാസിനു 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ 2014ല്‍ ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group