കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകവെ, കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വനിതാ പിജി ഡോക്ടർ നൽകിയ പരാതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിൽ ക്യാമ്പസിനകത്ത് വച്ചാണ് സംഭവമെന്ന് പരാതിയിലുണ്ട്. കാറിൽ പിന്നാലെയെത്തിയവർ കയറാൻ ആവശ്യപ്പെടുകയും നിരസിച്ചപ്പോൾ പിന്തുടരുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭയന്ന് വനിതാ ഡോക്ടർ ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിൽ കയറുകയായിരുന്നു. ഈ വഴിയിൽ വെളിച്ചം കുറവായതിനാൽ കാറിൽ ഉണ്ടായിരുന്നവരെ കൃത്യമായി കാണാൻ സാധിച്ചില്ലെന്നും പരാതിയിലുണ്ട്. ഈ ഭാഗത്ത് സി സി ടി വികളും ഇല്ല.
സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികൾ മാത്രമാണ് രാത്രിയിൽ ഈ വഴി ഉപയോഗിക്കുക എന്നതിനാൽ അധിക സമയവും വിജനമായിരിക്കും. രാത്രി ഏറെ വൈകിയ സമയത്ത് ഇതുവഴി എങ്ങനെ കാർ എത്തി എന്നും ക്യാമ്പസിനകത്ത് എങ്ങനെ പ്രവേശിച്ചുവെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് കോളേജ് വൈസ് പിൻസിപ്പൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.